ഗസ്സയിൽ സഹായം തേടിയ 1,760 പേരെ മൂന്നു മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തി -യു.എൻ
text_fieldsഗസ്സ സിറ്റി: മെയ് അവസാനം മുതൽ ഗസ്സയിൽ സഹായം തേടുന്നതിനിടെ കുറഞ്ഞത് 1,760 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. ആഗസ്റ്റ് തുടക്കത്തിൽ പ്രസിദ്ധീകരിച്ച അവസാന കണക്കിൽ നിന്നും നൂറുകണക്കിന് ആളുകളുടെ വർധനവാണ് ഇത് കാണിക്കുന്നത്.
‘മെയ് 27 മുതൽ ആഗസ്റ്റ് 13 വരെയുള്ള കണക്കനുസരിച്ച്, സഹായം തേടുന്നതിനിടെ കുറഞ്ഞത് 1,760 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഞങ്ങൾ രേഖപ്പെടുത്തി. 994 പേർ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സൈറ്റുകളുടെ പരിസരത്തും 766 പേർ വിതരണ വാഹനവ്യൂഹങ്ങളുടെ വഴികളിലുമാണ് മരിച്ചുവീണത്. ഈ കൊലപാതകങ്ങളിൽ ഭൂരിഭാഗവും ഇസ്രായേൽ സൈന്യമാണ് നടത്തിയത്’ എന്ന് ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള ഏജൻസിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റ് 1ന് യു.എൻ ഓഫിസ് റിപ്പോർട്ട് ചെയ്ത മരണസംഖ്യ 1,373 ആയിരുന്നു. വെള്ളിയാഴ്ച ഇസ്രായേൽ വെടിവെപ്പിൽ കുറഞ്ഞത് 38 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞതോടെയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഇതിൽ 12 പേർ മാനുഷിക സഹായത്തിനായി കാത്തിരിക്കുകയായിരുന്നു.
എന്നാൽ, ഹമാസിന്റെ സൈനിക ശേഷി തകർക്കാനാണ് തങ്ങളുടെ സൈന്യം പ്രവർത്തിക്കുന്നതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സാധാരണക്കാരുടെ നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സൈന്യം മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും അവർ വാദിക്കുന്നു.
അതിനിടെ, ഗസ്സയിൽ ജോലി ചെയ്യുന്ന ഫലസ്തീൻ പത്രപ്രവർത്തകർ നേരിടുന്നത് സങ്കൽപിക്കാനാവാത്ത തൊഴിൽ സാഹചര്യങ്ങളാണെന്ന റിപ്പോർട്ടും പുറത്തുവന്നു. ഗസ്സയിലുള്ളവർ ലോകത്തിലെ ഏറ്റവും അപകടസാധ്യതയുള്ള മാധ്യമ പ്രൊഫഷണലുകളാണെന്ന് ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റു’കൾ പറയുന്നു.
‘ഞങ്ങൾ ഈ മേഖലയിൽ അതിവേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ, ഞങ്ങളുടെ സഹപ്രവർത്തകർ അവരുടെ ജോലിസ്ഥലത്തോ വീടുകളിലോ പോലും ആവർത്തിച്ച് ആക്രമിക്കപ്പെടുന്നു’ റിപ്പോർട്ടറായ സാലി താബെറ്റ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
‘ഒരു മാതാവും പത്രപ്രവർത്തകയും എന്ന നിലയിൽ, ഞാൻ ജോലിക്ക് പോകണോ അതോ എന്റെ മക്കളോടൊപ്പം നിൽക്കണോ? വിവേചന രഹിതമായ ഷെല്ലാക്രമണത്തെ ഭയന്ന് ഞാൻ എല്ലാ ദിവസവും ഈ മാനസിക വൈരുധ്യത്തിലൂടെ കടന്നുപോകുന്നു’വെന്നും അവർ പറഞ്ഞു.
ഗസ്സയിലെ റിപ്പോർട്ടർമാർ സങ്കൽപ്പിക്കാൻ കഴിയുന്നതിലും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നുവെന്ന് പത്രപ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായ ഹസ്സൻ അബു ഡാൻ പറഞ്ഞു. ‘ഒരു കൂടാരത്തിലാണ് താമസിക്കുന്നത്, അഴുക്കു വെള്ളം കുടിക്കുന്നുവെന്നും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം നശിച്ചുപോയെന്നും’ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

