കരാർ ലംഘനം തുടർക്കഥ; വെടിനിർത്തലിനിടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: കഴിഞ്ഞ വർഷം ഒപ്പുവെച്ച വെടിനിർത്തൽ കരാർ നിലനിൽക്കെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 12 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സാധാരണക്കാരുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടതായും വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് പേരും, ഗസ്സ സിറ്റിയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം നിലവിൽ വന്ന വെടിനിർത്തൽ കരാർ കാറ്റിൽ പറത്തിക്കൊണ്ടുള്ള ആക്രമണങ്ങളാണ് ഇസ്രായേൽ ഗസ്സയിൽ ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്നത്. സിവിലിയൻ മേഖലകളിൽ സുരക്ഷാ ചുമതല നിർവഹിക്കുന്ന പ്രാദേശിക പൊലീസ് സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖാൻ യൂനിസിലെ തർക്കം പരിഹരിക്കാൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട സിവിൽ പൊലീസ് സേനയെ ലക്ഷ്യമിടുന്നതിലൂടെ ഇസ്രായേൽ യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. "അന്താരാഷ്ട്ര സംഘടനകളുടെ മൗനം ഇസ്രായേലിന്റെ അധിനിവേശത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. ദൈനംദിന ജീവിതത്തിൽ ജനങ്ങൾക്ക് സേവനം നൽകുന്ന പൊലീസിനെ കൊല്ലുന്നതിന് യാതൊരു ന്യായീകരണവുമില്ല," മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
സഹായ വിതരണ വാഹനങ്ങൾക്ക് സുരക്ഷ നൽകുന്ന ഉദ്യോഗസ്ഥരെ ഇസ്രായേൽ ആസൂത്രിതമായി വധിക്കുന്നതിലൂടെ ഗസ്സയിൽ കൊള്ളയും പട്ടിണിയും രൂക്ഷമാക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രായേൽ ആക്രമണങ്ങൾക്ക് ഇതുവരെ കുറവുണ്ടായിട്ടില്ല. വെടിനിർത്തലിന് ശേഷം ഇതുവരെ ഗസ്സയിൽ 984 പേർ കൊല്ലപ്പെടുകയും 2,235 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 72,500 കടന്നു. ഇതിൽ വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളുമാണ്. നിലവിൽ ഗസ്സയിലെ ജനസംഖ്യയുടെ ഏഴ് ശതമാനത്തിലധികം ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണക്കാക്കപ്പെടുന്നു.
ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ച സമാധാന പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായേൽ പിന്മാറാൻ തയ്യാറായിട്ടില്ല. മാത്രവുമല്ല ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുന്നതുൾപ്പടെയുള്ള നിരന്തര കരാർ ലംഘനമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേൽ സൈന്യത്തിന്റെ കൈവശം തന്നെയാണ്. ഇവിടെ പുനർനിർമാണ പ്രവർത്തനങ്ങളോ അന്താരാഷ്ട്ര സുരക്ഷാ സേനയുടെ രൂപീകരണമോ ഇതുവരെ ആരംഭിച്ചിട്ടില്ല.
നെതന്യാഹു സർക്കാരിന്റെ ഈ നടപടി മധ്യസ്ഥരുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ലബനാനിലെ വെടിനിർത്തൽ കരാർ ലംഘിച്ചും ഇസ്രായേൽ ആക്രമണം തുടരുകയാണ്. നിരന്തരം കരാർ ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയും ഇസ്രായേൽ നടത്തുന്ന അധിനിവേശം സമാനതകളില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

