ഒക്ടോബർ 10നു ശേഷം ഇസ്രയേല്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചത് 80 തവണ
text_fieldsഗസ്സ സിറ്റി: ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രായേല്‍ ഗസ്സയിലെ സമാധാന കരാര്‍ ലംഘിച്ചത് 80 തവണ. കരാര്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ മീഡിയ ഓഫിസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇക്കാലയളവില്‍ ഗസ്സയിലെ സാധാരണക്കാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തെന്നും മനഃപൂര്‍വം ഷെല്ലാക്രമണം ഉള്‍പ്പെടെ നടത്തിയെന്നും മീഡിയ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. നിരവധി ഫലസ്തീനികള്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടതായും പറയുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ അനുസരിച്ച് ഗസ്സയിലെ ഫലസ്തീനികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാകണമെന്നും മീഡിയ ഓഫിസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗസ്സയിലെ യുദ്ധം തുടരാന്‍ ഇസ്രായേല്‍ മന്ത്രിമാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയാണ് ഗസ്സയില്‍ വീണ്ടും യുദ്ധത്തിന് ആഹ്വാനം ചെയ്തത്. ഹമാസ് നിലനില്‍ക്കുന്നിടത്തോളം കാലം യുദ്ധം തുടരുമെന്നാണ് മന്ത്രി പറഞ്ഞത്.
പുറമെ ഗസ്സയില്‍ തടവിലാക്കപ്പെട്ട മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കും വരെ റഫ അതിര്‍ത്തി അടച്ചിടുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തേയും തടസ്സപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 ഫലസ്തീനികളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇസ്രയേല്‍ ആക്രമണം തുടരുമ്പോഴും ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ ഉണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 68,159 പേര്‍ കൊല്ലപ്പെടുകയും 170,203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

