ജറൂസലം രൂപത ആശുപത്രിയിലെ സർജനടക്കം 70 പേരെ ഇസ്രായേൽ കൊലപ്പെടുത്തി
text_fieldsrepresentation image
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിലും ബോംബേറിലും ഡോക്ടറടക്കം 70 പേർ കൊല്ലപ്പെട്ടു. അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജനായിരുന്ന ഡോ. അഹ്മദ് ഖൻദീൽ ആണ് ഇന്ന് കൊല്ലപ്പെട്ട 70 പേരിൽ ഒരാൾ.
യുദ്ധത്തിനിടയിലും തന്റെ നാടിന് തെൻറ സേവനം അനിവാര്യമാണെന്ന് പ്രഖ്യാപിച്ച് ഗസ്സയിൽ തന്നെ തുടർന്നയാളായിരുന്നു ഡോ.ഖൻദീൽ. ഗസ്സയിലെ തിരക്കുള്ള മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള ആക്രമണത്തിൽ ഡോക്ടർ അടക്കം 11പേർ കൊല്ലപ്പെട്ടു.
ഫലസ്തീൻ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ 1588 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ജറൂസലം ക്രൈസ്‍തവ രൂപത ഗസ്സ സിറ്റിയിൽ നടത്തുന്ന ഏക ആശുപത്രിയായിരുന്നു അൽ അഹ്‍ലി. ഗസ്സ യുദ്ധം ആരംഭിച്ചപ്പോൾ തന്നെ ഇസ്രായേൽ അവിടെ ബോംബാക്രമണം നടത്തിയിരുന്നു.
ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കനുസരിച്ച് ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 59 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ജലവിതരണകേന്ദ്രത്തിന് സമീപം കാത്തുനിന്ന ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം ബോംബെറിയുകയായിരുന്നു. ബോംബേറിൽ പത്തുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ഭക്ഷണദൗർലഭ്യവും രൂക്ഷമാവുകയാണ്.
ഗസ്സയിൽ ഇന്ധനക്ഷാമവും രൂക്ഷമായതിനാൽ സമൂഹ അടുക്കളകളുടെ പ്രവർത്തനത്തെയും ബാധിക്കുകയാണ്. സമൂഹ അടുക്കളകൾക്ക് മുന്നിൽ വിശന്നുവലഞ്ഞ കുട്ടികളുടെ നീണ്ടനിരയാണ്. മറ്റുരാജ്യങ്ങളിൽ നിന്ന് ഭക്ഷണമായെത്തുന്ന ട്രക്കുകൾ അതിർത്തികളിൽ അനുമതിക്കായി കാത്തുകിടക്കുകയാണ്.
ഗസ്സയുടെ വടക്കുകിഴക്കൻ മേഖലയിലെ അൽ ശിഫ ആശുപത്രിയിൽ ചികിത്സക്കായി കാത്തുനിന്ന മൂന്നുപേർ വ്യോമാക്രമണത്തിൽ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 150 ഓളം വ്യോമാക്രമണമാണ് ഇസ്രായേൽ സൈന്യം ഗസ്സയുടെ വിവിധ സ്ഥലങ്ങളിൽ നടത്തിയത്. ഓരോ മണിക്കൂറിലും നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

