കുരുതിക്കളങ്ങളായി ഗസ്സയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ; 24 മണിക്കൂറിനിടെ 51 മരണം
text_fieldsഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബന്ധുവിന്റെ സമീപം വിലപിക്കുന്ന കുരുന്നുകൾ
ഗസ്സ സിറ്റി: ഗസ്സയിൽ ഭക്ഷ്യവിതരണത്തിനെന്ന പേരിൽ യു.എസ് പിന്തുണയോടെ ഇസ്രായേൽ തുടങ്ങിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) കേന്ദ്രങ്ങൾ കുരുതിക്കളമാകുന്നത് തുടരുന്നു.
ഏറ്റവുമൊടുവിൽ കൊടുംപട്ടിണിയിൽ ഭക്ഷണം തേടി റഫയിലെ ജി.എച്ച്.എഫ് കേന്ദ്രത്തിലെത്തിയ സിവിലിയന്മാർക്കുനേരെ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മേയ് 27ന് ആരംഭിച്ച ജി.എച്ച്.എഫ് കേന്ദ്രങ്ങളിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 52 ആയി. 340 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നെറ്റ്സാറിം ഇടനാഴിയിൽ കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ ഗസ്സയുടെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടു. 500ൽ ഏറെ പേർക്ക് പരിക്കേറ്റു. ജബാലിയ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളും ഏഴു കുരുന്നുകളുമടക്കം 14 പേരാണ് കൂട്ടക്കൊലക്കിരയായത്. ഇതോടെ മരണസംഖ്യ 54,418 ആയി.
അതിനിടെ, ഗസ്സയിലെ അവശേഷിച്ച ഏക ഡയാലിസിസ് കേന്ദ്രവും ഇസ്രായേൽ ബോംബിങ്ങിൽ തകർത്തു. ഗസ്സയെ സമ്പൂർണമായി ചാരമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ വശങ്ങളിലൂടെയും സൈനിക മുന്നേറ്റത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട രാജ്യാന്തര സംഘത്തിൽ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗും. ‘ഗെയിം ഓഫ് ത്രോൺസ്’നടൻ ലിയാം കണ്ണിങ്ഹാമടക്കമുള്ള സംഘം ഇറ്റാലിയൻ തുറമുഖമായ കറ്റാനിയനിൽനിന്നാണ് ഞായറാഴ്ച പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

