ആക്രമണത്തിന്റെ വ്യാപ്തിയേറ്റി ഇസ്രായേൽ; ഉറങ്ങിക്കിടക്കുന്നവർക്കുമേൽ തീമഴ; ഒറ്റദിവസം 80 മരണം
text_fieldsഗസ്സ സിറ്റി: ബുധനാഴ്ച ഗസ്സ മുനമ്പിലുടനീളം ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തിൽ 80ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും ഗസ്സ സിറ്റിയിലാണെന്ന് പ്രാദേശിക ആശുപത്രികൾ അറിയിച്ചു.
ഗസ്സ നഗരത്തിലെ ദറാജ് പ്രദേശത്തെ മാർക്കറ്റിനു സമീപം കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാർപ്പിച്ച ഒരു കെട്ടിടത്തിലും ടെന്റുകളിലും രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 20പേർ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ആറു സ്ത്രീകളും ഒമ്പത് കുട്ടികളും അവരിൽ ഉൾപ്പെടുന്നുവെന്നും ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ആളുകൾ പുതപ്പിൽ പൊതിഞ്ഞ മൃതദേഹം നീക്കം ചെയ്യുന്നതായി സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ കാണിച്ചു. ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ കനത്ത ബോംബാക്രമണം ഉണ്ടായെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ‘ഞങ്ങൾ വന്നുനോക്കിയപ്പോൾ കുട്ടികളെയും സ്ത്രീകളെയും ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തി. അതൊരു ദയനീയമായ കാഴ്ചയായിരുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച അർധരാത്രി മുതൽ ഇസ്രായേലി ആക്രമണങ്ങളിലും വെടിവെപ്പിലുമായി കൊല്ലപ്പെട്ട 60ലധികം പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ഗസ്സ സിറ്റിയിൽ നാമമാത്രമായി പ്രവർത്തിക്കുന്ന ആശുപത്രികൾ അറിയിച്ചു.
ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്ന് ഇസ്രായേൽ പറയുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് ഇസ്രായേലി ടാങ്കുകളും സൈനികരും കടന്നുകയറ്റം തുടരുകയാണ്. ഹമാസിന്റെ കൈവശം ഇപ്പോഴും ഉള്ള ബന്ദികളെ മോചിപ്പിക്കാനും ഫലസ്തീൻ സായുധ സംഘത്തിന്റെ ‘നിർണായക പരാജയം’ ഉറപ്പാക്കാനുമാണ് കരയാക്രമണം ലക്ഷ്യമിടുന്നതെന്നാണ് സൈന്യം പറയുന്നത്.
ഗസ്സയിലെ ഏറ്റവും വലിയ നഗര കേന്ദ്രത്തിൽ നിന്ന് ഇതിനകം ലക്ഷക്കണക്കിന് പേർ പലായനം ചെയ്തു. കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സംഘടന അവിടെ ക്ഷാമം സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും ലക്ഷങ്ങൾ അവിടെ തന്നെ തുടരുകയാണ്. ആരോഗ്യരംഗവും മറ്റ് അവശ്യ സേവനങ്ങളും വൻതോതിൽ തകർന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലിക്കിടെ അറബ്, മുസ്‍ലിം നേതാക്കളുടെ ഒരു സംഘത്തിനു മുന്നിൽ മിഡിൽ ഈസ്റ്റിലും ഗസ്സയിലും സമാധാനത്തിനായുള്ള 21 ഇന പദ്ധതി അവതരിപ്പിച്ചതായി യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് വിശദാംശങ്ങളൊന്നും നൽകിയില്ലെങ്കിലും ഇസ്രായേലിന്റെയും മേഖലയിലെ എല്ലാ അയൽദേശക്കാരുടെയും ആശങ്കകൾ അത് അഭിസംബോധന ചെയ്യുമെന്ന് വിറ്റ്കോഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

