ഗസ്സ വംശഹത്യ: അനുകൂല പ്രചാരണത്തിന് ഇൻഫ്ലുവൻസർമാരെ വിലക്കെടുത്ത് ഇസ്രായേൽ; പോസ്റ്റിന് 7,000 ഡോളർവരെ
text_fieldsഗസ്സയിലെ വംശഹത്യാ യുദ്ധത്തിനെതിരെ ആഗോള പൊതുജനാഭിപ്രായം ശക്തിപ്പെട്ട സാഹചര്യത്തിൽ ‘പെയ്ഡ് ഇൻഫ്ലുവൻസർമാർ’ അടക്കമുള്ള ഗൂഢമാർഗങ്ങളിലൂടെ ഉള്ളടക്കത്തിൽ സ്വാധീനം ചെലുത്തി ഇസ്രായേൽ.
ഇതിനു പുറമെ സമൂഹമാധ്യമങ്ങളുടെ ആൽഗോരിതം (ഏതൊക്കെ ഉള്ളടക്കങ്ങൾ എവിടെ, എപ്പോൾ, ആർക്കൊക്കെ ലഭിക്കണം/ലഭിക്കരുത് എന്നെല്ലാം നിശ്ചയിക്കുന്ന സംവിധാനം) മാനിപ്പുലേഷൻ, എ.ഐ ഉള്ളടക്കം രൂപപ്പെടുത്തൽ, രഹസ്യ മാധ്യമ കരാറുകൾ എന്നിവയിലൂടെ വാർത്തകളുടെയും പ്രചാരണങ്ങളുടെയും നിയന്ത്രണം പിടിച്ചടക്കാനുള്ള തന്ത്രവും ഇസ്രായേൽ പയറ്റുന്നുവെന്ന് യു.എസ് ഫോറീൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്റ്റ് പ്രകാരമുള്ള രേഖകൾ പറയുന്നു. തങ്ങളുടെ ക്രൂരതകൾക്കെതിരെ ലോകത്ത് യുവസമൂഹത്തിൽനിന്ന് ഉയരുന്ന വൻ പ്രതിഷേധം വഴിതിരിച്ചുവിടാനും സ്വന്തം ആശയം പ്രചരിപ്പിക്കാനുമാണ് ഇസ്രായേൽ പ്രചാരണയുദ്ധം നടത്തുന്നത്.
ബ്രിഡ്ജസ് പാർട്ണേഴ്സ് എന്ന ഇടനില കരാറുകാർ മുഖേന ഇസ്രായേൽ വിദേശകാര്യ മന്ത്രാലയമാണ് ഓപറേഷൻ നടത്തുന്നതെന്നും രേഖകൾ പറയുന്നു. ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇസ്രായേൽ അനുകൂല ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ ഇൻഫ്ലുവൻസർമാർക്ക് ഒരു പോസ്റ്റിന് 7,000 ഡോളർവരെ നൽകിയതായി റിപ്പോർട്ട് പറയുന്നു.
2024 ജൂൺമുതൽ സെപ്റ്റംബർവരെ 75-90 പോസ്റ്റുകൾക്കായി ഇസ്രായേലിന് ഒമ്പതു ലക്ഷം ഡോളറിന്റെ ബജറ്റാണെന്നും യു.എസ് വിദേശനയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ‘റെസ്പോൺസിബിൾ സ്റ്റേറ്റ്ക്രാഫ്റ്റ്’ പറയുന്നു. ഈ പദ്ധതിക്കു കീഴിൽ ഉൽപാദിപ്പിക്കപ്പെട്ട ഉള്ളടക്കങ്ങളെ ‘എസ്തർ പ്രോജക്ട്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇസ്രായേലിനെതിരായ നിയമാനുസൃത വിമർശനങ്ങളെതന്നെ ‘തീവ്രവാദ പിന്തുണ’ ആയി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങളാണ് ഇവയിൽ പലതും.
ക്ലോക്ക് ടവർ എക്സ് എന്ന കമ്പനിക്ക് 60 ലക്ഷം ഡോളർ കരാർ നൽകി, ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് മുതലായ പ്ലാറ്റ്ഫോമുകൾ വഴി ‘ജെൻ സി’ പ്രേക്ഷകരിലേക്ക് പ്രതിമാസം കുറഞ്ഞത് അഞ്ചുകോടി ഉള്ളടക്ക സാന്നിധ്യങ്ങൾ എത്തിക്കുക എന്നതാണ് ഇസ്രായേൽ സർക്കാർ പരിപാടി.
എ.ഐ ഉപകരണങ്ങൾ ഇസ്രായേലിനെയും ഫലസ്തീനെയും കുറിച്ച് ചോദിക്കുമ്പോൾ, ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകൾ എങ്ങനെ മറുപടി നൽകേണ്ടതെന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉദ്ധരിച്ച് ‘റെസ്പോൺസിബിൾ സ്റ്റേറ്റ്ക്രാഫ്റ്റ്’ ആരോപിക്കുന്നു. ഏറ്റവും പുതിയ സർവേ പ്രകാരം, അമേരിക്കയിൽ 18-34 പ്രായക്കാർക്കിടയിൽ ഒമ്പതുശതമാനം പേർ മാത്രമാണ് ഇസ്രായേൽ നടപടികൾക്ക് പിന്തുണ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

