ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് യു.എസ് സെനറ്റർ ബെർണി സാൻഡേഴ്സ്
text_fieldsവാഷിങ്ടൺ:ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയെന്ന് യു.എസ് സെനറ്റർ ബെർണി സാൻഡേഴ്സ്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ യു.എസ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുണൈറ്റഡ് നേഷൻസ് കമീഷൻ ഗസ്സയിലേത് വംശഹത്യയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റേയും പ്രതികരണം.
ഇസ്രായേലിന്റെ ലക്ഷ്യം വ്യക്തമാണ്. ആക്രമണങ്ങളുടെ ഫലത്തിൽ നിന്നും നമുക്ക് ഒളിച്ചോടാനാകില്ല. ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തുകയാണെന്ന് സാൻഡേഴ്സ് പറഞ്ഞു. ഇതാദ്യമായാണ് ഒരു യു.എസ് സെനറ്റർ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം വംശഹത്യയാണെന്ന് പരസ്യമായി പറയുന്നത്. ഗസ്സയിലേത് വംശഹത്യയാണെന്ന യു.എൻ നിലപാട് ഇതുവരെ യു.എസ് അംഗീകരിച്ചിട്ടില്ല.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയതായി യു.എൻ അന്വേഷണ കമീഷൻ
ഗസ്സയിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷൻ. 1948ലെ വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ മാനദണ്ഡങ്ങളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും സുരക്ഷാ സേനയും ഒരു ദേശീയ, വംശീയ, അല്ലെങ്കിൽ മതപരമായ സംഘത്തിനെതിരെ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും 72 പേജുള്ള രേഖ ആരോപിക്കുന്നു.
സാധാരണക്കാർക്കും സംരക്ഷിത വസ്തുക്കൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ ഒരു ജനവിഭാഗത്തിന് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക, തടവുകാരോട് കഠിനതരമായ പെരുമാറ്റം, നിർബന്ധിത സ്ഥലംമാറ്റം, പരിസ്ഥിതി നാശം എന്നിവയാണവ.
2023 ഒക്ടോബർ 7ന് ഹമാസും മറ്റ് ഫലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ മറ്റ് ഗുരുതരമായ ലംഘനങ്ങളും നടത്തിയതായും ഇസ്രായേൽ സുരക്ഷാ സേന ഗസ്സയിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായും കമീഷൻ നേരത്തെ നിഗമനത്തിലെത്തിയിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ശക്തവും ആധികാരികവുമായ കണ്ടെത്തലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണിപ്പോൾ പുറത്തുവിട്ടതെന്ന് കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

