മുജ്തബ ഖാംനഈ തന്നെ ഇറാൻ പരമോന്നത നേതാവ്; അധികനാൾ വാഴിക്കില്ലെന്ന് ട്രംപ്
text_fieldsതെഹ്‌റാൻ: ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്തബ ഖാംനഈയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. യു.എസ് -ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷ്യം വരിച്ച് ഒരാഴ്ചക്ക് ശേഷമാണ് മുജ്തബയെ തെരഞ്ഞെടുത്തത്.
ഇറാൻ പ്രസിഡന്റും സൈന്യവും സുപ്രീം കൗൺസിലും 56-കാരനായ മുജ്തബക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ വിപ്ലവം നടക്കുമ്പോൾ പത്ത് വയസ്സായിരുന്നു മുജ്തബക്ക് പ്രായം. മഹാബാദിൽ മതപഠന വിദ്യാർഥിയായിരുന്നു അന്ന് മുജ്തബ. ഏതാണ്ട് 30 വയസ്സുവരെ ഇസ്‍ലാമിക് തിയോളജിയിൽ ഗഹനമായ പഠനം നടത്തി. പിന്നീട് ഖൂമിൽ പുരോഹിതനായി.
2009 വരെയും മുജ്തബ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. ആ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭകാലത്താണ് മുജ്തബയെക്കുറിച്ച് പുറംലോകമറിയുന്നത്. നെജാദ് ആയിരുന്നു അക്കാലത്ത് പ്രസിഡന്റ്. നെജാദിന് മുജ്തബയുടെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രക്ഷോഭം അടിച്ചമർത്താൻ മുജ്തബയും പങ്കു ചേർന്നുവെന്നാണ് കഥ. പ്രക്ഷോഭം ഇല്ലായ്മ ചെയ്യാൻ ഐ.ആർ.ജി.സിയുടെ അർധ സൈനിക വിഭാഗത്തിന്റെ നേതൃത്വത്തെ മുജ്തബ അണിയറയിൽ നയിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. പിന്നീട്, നെജാദ് തന്നെയും മുജ്തബയെ തള്ളിപ്പറഞ്ഞതും ഇരുവരും രണ്ട് പക്ഷത്തായതും മറ്റൊരു ചരിത്രം.
2019ൽ, യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2024ൽ, അസംബ്ലി ഓഫ് എക്സ്പേർട്സ് പുനഃസംഘടിപ്പിച്ചപ്പോൾത്തന്നെ മുജ്തബയായിരിക്കും ഖാംനഈയുടെ പിൻഗാമിയെന്ന് പലരും എഴുതി. എന്നാൽ, ജീവിച്ചിരിക്കെ, ഒരിക്കൽപോലും ഖാംനഈ തന്റെ പിൻഗാമി ആര് എന്ന് പറഞ്ഞില്ല. കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ പേരും ഉയർന്നുകേട്ടിരുന്നു.
56കാരനായ മുജ്തബ ഖാംനഈക്കൊപ്പമായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്. ശനിയാഴ്ച ഓപറേഷൻ എപിക് ഫ്യൂരിയുടെ ആദ്യ മണിക്കൂറിൽത്തന്നെ ഖാംനഈയുടെ കൊട്ടാരത്തിൽ മിസൈൽ പതിച്ചു. ഖാംനഈക്കൊപ്പം കൊല്ലപ്പെട്ടവരിൽ മുജ്തബയുടെ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഈ സമയം മുജ്തബ കൊട്ടാരത്തിലില്ലായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ടാണ് മുജ്തബ ആ പദവിയിലെത്തുന്നത്. ഇതുപക്ഷേ, ഇറാന്റെ ചരിത്രത്തിൽ പുതുമയുള്ള കാര്യമല്ല. ഖാംനഈ തന്നെയും ഇത്തരത്തിൽ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നയാളാണ്.
പ്രസിഡന്റ് പദവിയിലെത്തുന്നതിന് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. തെഹ്റാനിലെ അബുദർറ് മസ്ജിദിൽ ഖുത്തുബ നിർവഹിച്ചുകൊണ്ടിരിക്കെ, പള്ളിയിൽ വൻ സ്ഫോടനമുണ്ടായി. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകൈക്ക് ക്ഷതമേറ്റു. നിശ്ചലമായ ആ കൈയുമായാണ് ശിഷ്ടകാലം മുഴുവൻ അദ്ദേഹം ജീവിച്ചതും ഒരു ജനതയെ അതിജീവനത്തിന് പ്രാപ്തമാക്കിയതും. ആ ഖ്യാതിയിലേക്ക് മുജ്തബക്ക് എത്താനാകുമോ എന്നതാണ് ചോദ്യം.
അതേസമയം മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തങ്ങളുടെ അനുമതിയോ താത്പര്യമോ പരിഗണിക്കാതെയാണ് ഇറാൻ പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്നും അധികനാൾ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ ഭരണസംവിധാനം തന്നെ ഇല്ലാതാക്കുമെന്നും ആവശ്യമെങ്കിൽ കരസേനയെ അയക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

