തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തം; 16 മരണം, വ്യാപക പലായനം
text_fieldsബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായി ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലെബനൻ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലബനാൻ സ്വദേശികളുടെ എണ്ണം അൻപതിനോടടുത്തു.
ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് അനുസരിച്ച്, പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അദ്‌ലൂൺ ഹൈവേയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് വലിയ ദുരന്തമുണ്ടായത്. സുരക്ഷിത താവളം തേടി കാറിൽ പലായനം ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ ആറ് പേർ ഈ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലബനാൻ സൈന്യത്തിലെ ഒരു സൈനികനും നബാത്തിയ മേഖലയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
തെക്കൻ ലബനാന് പുറമെ, രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെയും ഇസ്രായേൽ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുള്ള ഈ മേഖലയിൽ മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇസ്രായേൽ വീണ്ടും ബോംബാക്രമണം നടത്തുന്നത്. ഹിസ്ബുള്ളയുടെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള 'ടാർഗെറ്റഡ്' ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന് മുന്നോടിയായി തെക്കൻ ലബനാനിലെ ചരിത്ര നഗരമായ ടൈർ ഉൾപ്പെടെയുള്ള ഒട്ടനവധി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ജനങ്ങളോട് ഉടനടി ഒഴിഞ്ഞുപോകുവാൻ ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകിയിരുന്നു. അതിർത്തിയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയുള്ള സഹ്രാനി നദിക്ക് വടക്കോട്ട് മാറാനാണ് നിർദ്ദേശം.ലബനാന്റെ ആകെ ഭൂപ്രദേശത്തിന്റെ 14 ശതമാനത്തോളം ഭാഗത്തെയാണ് ഇസ്രായേൽ ഇത്തരത്തിൽ നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണിയിലാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സാധാരണക്കാർ വീടുകൾ ഉപേക്ഷിച്ച് കൂട്ടത്തോടെ ജീവനും കൊണ്ട് പായുകയാണെന്നും ഇത് അതിരൂക്ഷമായ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്നും അന്താരാഷ്ട്ര റെഡ് ക്രോസ് സമിതി മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിലിൽ നിലവിൽ വരികയും പിന്നീട് മെയ് പകുതിയോടെ നീട്ടുകയും ചെയ്ത വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഹിസ്ബുള്ളയ്ക്ക് മേൽ സൈനിക സമ്മർദ്ദം ശക്തമാക്കാൻ ഉത്തരവിട്ടത്. വാഷിങ്ടണിൽ ഇരുരാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തമ്മിൽ നിർണായകമായ സുരക്ഷാ ചർച്ചകൾ പുനരാരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഈ പുതിയ യുദ്ധത്തിൽ ലബനാനിൽ ഇതുവരെ മൂവായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

