റഫയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ലക്ഷ്യമിട്ടത് മധ്യ ഗസ്സയിലെ അൽ ബുറൈജ് ക്യാമ്പ്
text_fieldsഗസ്സ: റഫയിൽ കര- വ്യോമ ആക്രമണം ശക്തമാക്കി ഇസ്രായേൽ. പടിഞ്ഞാറൻ റഫയിൽ ടാങ്കുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. പലയിടത്തും ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷമായ വെടിവെപ്പും നടക്കുന്നുണ്ട്.
ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്ന മേഖലകളിൽ നിയന്ത്രണം ഏറ്റെടുത്ത ടാങ്കുകൾ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തും മധ്യ റഫയിലും നിരവധി ആക്രമണം നടത്തിയതായി പ്രദേശവാസികൾ പറഞ്ഞു. മധ്യ ഗസ്സയിലെ അൽ ബുറൈജ് ക്യാമ്പിലും ഇസ്രായേൽ സൈന്യം ആക്രമണം നടത്തി.
മറ്റു രണ്ട് ക്യാമ്പുകളിലും സമീപത്തെ നഗരത്തിലും കനത്ത ബോംബാക്രമണം നടത്തിയതായും നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തിയതായും ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഗസ്സ സിറ്റിയിലെ സാബ്രയിൽ അൽ സലാം പള്ളിക്ക് സമീപമുള്ള വീട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.
അതേസമയം, ഹമാസിന്റെയും ഇസ്‍ലാമിക് ജിഹാദിന്റെയും മറ്റ് ചെറിയ ഗ്രൂപ്പുകളുടെയും സായുധവിഭാഗങ്ങൾ മധ്യ, തെക്കൻ ഗസ്സയിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേലി സേനക്കെതിരെ ആക്രമണം നടത്തി.
ഗസ്സയിലെ തകർന്ന താൽക്കാലിക തുറമുഖം പുനഃസ്ഥാപിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ സഹായങ്ങൾ കടൽ മാർഗം എത്തിക്കാനാകും. രണ്ടാഴ്ചമുമ്പ് കൊടുങ്കാറ്റിലാണ് തുറമുഖ ഭാഗങ്ങൾ തകർന്നത്.
ജൂലൈ 24ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വാഷിങ്ടണിൽ യു.എസ് സാമാജികരെ അഭിസംബോധന ചെയ്യും. ജനപ്രതിനിധിസഭയുടെയും സെനറ്റിൻ്റെയും സംയുക്ത സമ്മേളനത്തിൽ നെതന്യാഹു സംസാരിക്കും. യു.എസുമായുള്ള ബന്ധം പിരിമുറുക്കത്തിലായ സാഹചര്യത്തിലാണ് സന്ദർശനം.യുദ്ധം സംബന്ധിച്ച സത്യാവസ്ഥ അംഗങ്ങളെ ബോധ്യപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

