ഇറാന്‍റെ സൗത്ത് പാർസ് പെട്രോകെമിക്കൽ പ്ലാന്‍റ് ആക്രമിച്ച് ഇസ്രായേൽ; യു.എസ് യുദ്ധക്കപ്പൽ ലക്ഷ്യമിട്ടതായി ഐ.ആർ.ജി.സി
text_fieldsതെഹ്റാൻ: സൗത്ത് പാർസ് പ്രകൃതി വാതക പാടത്തിലെ പെട്രോകെമിക്കൽ പ്ലാന്‍റ് ആക്രമിച്ച് ഇസ്രായേൽ. മധ്യസ്ഥ രാജ്യങ്ങൾ വഴി യു.എസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾക്ക് തിരിക്കട്ട നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇറാന്‍റെ തന്ത്രപ്രധാന ഊർജ സ്രോതസ്സായ വാതക പാടത്തിനുനേരെ ഇസ്രായേലിന്‍റെ ആക്രമണം നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമാണ് ഖത്തർ തീരത്തിനും ഇറാൻ തീരത്തിനുമിടയിൽ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് പ്രകൃതി വാതക പാടം.
ഇതിൽ ഇറാന്റെ ഭാഗത്തുള്ളത് സൗത്ത് പാർസ് എന്നും ഖത്തറിന്റെ ഭാഗത്തുള്ളത് നോർത്ത് പാർസ് എന്നുമാണ് അറിയപ്പെടുന്നത്. ഇറാന്‍റെ ഏറ്റവും വലിയ പെട്രോകെമിക്കൽ പ്ലാന്‍റിൽ ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഇറാന്‍റെ പെട്രോകെമിക്കൽ ഉൽപാദനത്തിന്‍റെ പകുതിയും ഈ പ്ലാന്‍റിലാണ് നടക്കുന്നത്. കൂടാതെ, തെക്കൻ ഇറാനിലെ മാർവ്ദഷ്ത് നഗരത്തിലെ പെട്രോകെമിക്കൽ സമുച്ചയത്തിലും അമേരിക്ക-ഇസ്രായേൽ സഖ്യം ആക്രമണം നടത്തിയതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗത്ത് പാർസിൽ ഇസ്രായേലിന്റെ ആക്രമണം മൂലം ഉണ്ടായ തീ മിനിറ്റുകൾക്കുള്ളിൽ നിയന്ത്രണ വിധേയമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
റിപ്പോർട്ടുകളോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മാർച്ചിൽ സൗത്ത് പാർസിൽ ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ യു.എസ് ഇടപെട്ടിരുന്നു. ആഗോളതലത്തിൽ പ്രകൃതി വാതക ക്ഷാമം രൂക്ഷമാക്കുമെന്നതിനാൽ, ഇനി സൗത്ത് പാർസിൽ ആക്രമണം നടത്തരുതെന്നും ട്രംപ് കർശന നിർദേശം നൽകിയിരുന്നു.
ലോകത്തിനൊന്നടങ്കം തുടർച്ചയായി 13 വർഷത്തേക്ക് ഉപയോഗിക്കാനുള്ള പ്രകൃതിവാതകം സൗത്ത് പാർസിൽ ഉണ്ടെന്നാണ് കണക്ക്. ഇറാന്റെ ആഭ്യന്തര ഊർജ ഉപഭോഗത്തിന്റെ ഏറ്റവും വലിയ സ്രോതസ്സാണിത്. സൗത്ത് പാർസിനു നേർക്കുള്ള സൈനികാക്രമണം ഊർജ പ്രതിസന്ധി ഇനിയും കടുപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, യു.എസ് ആംഫിബിയസ് ആക്രമണ കപ്പൽ എൽ.എച്ച്.എ -7 ആക്രമിച്ചതായി ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. കപ്പൽ ഇന്ത്യൻ സമുദ്രത്തിന്‍റെ തെക്കൻഭാഗത്തേക്ക് പിൻവലിഞ്ഞതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ, ഹുർമുസ് കടലിടുക്ക് തുറക്കുന്നതിന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നൽകിയ സമയപരിധി ഭീഷണി ഇറാൻ തള്ളിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയാണ് ട്രംപ് സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ താൽക്കാലിക വെടിനിർത്തലിന് പകരമായി കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ശാശ്വത വെടിനിർത്തലിന് യു.എസ് ഗൗരവതരമായ പ്രതിബദ്ധത കാണിക്കുന്നില്ലെന്നും അതിനാൽ ഹ്രസ്വകാല വെടിനിർത്തലിന് പ്രധാനകപ്പൽ പാത വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇറാന് പാകിസ്താനിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും നിലവിൽ അത് പുനഃപരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
എന്നിരുന്നാലും, ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി സമയപരിധി നിശ്ചയിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിന് തങ്ങൾക്കു മുന്നോട്ടുവെക്കാനുള്ള ആവശ്യങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഉചിതമായ സമയത്ത് മാത്രമേ അവ വെളിപ്പെടുത്തുകയുള്ളൂവെന്നും ഇറാൻ വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വക്താവ് എസ്മായിൽ ബഗായ് ഊന്നിപ്പറഞ്ഞതായും ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 15 ഇന നിർദേശങ്ങൾ യു.എസ് മുന്നോട്ടുവെച്ചു. അത്തരം നിർദ്ദേശങ്ങൾ യുക്തിരഹിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ ഇറാൻ “നരകതുല്യമായ അവസ്ഥ” നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

