തുരങ്കങ്ങളിൽ കടൽവെള്ളം ഇസ്രായേൽ കയറ്റിത്തുടങ്ങിയെന്ന്
text_fieldsജറൂസലം: 150ഓളം ഇസ്രായേലി ബന്ദികളുടെ മോചനത്തിന് ബന്ധുക്കളുടെ മുറവിളി ശക്തമായതിനിടെ ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ വെള്ളം കയറ്റി തുരങ്കം ഒഴിപ്പിക്കൽ തുടങ്ങിയെന്ന് സൂചന. ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഹമാസ് സഞ്ചാരവും ഒളികേന്ദ്രങ്ങളും പൂർണമായി ഇല്ലാതാക്കാനാകുമെന്ന കണക്കുകൂട്ടലിൽ ചൊവ്വാഴ്ച ആരംഭിച്ചതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ശാത്വി അഭയാർഥി ക്യാമ്പിനു സമീപം നേരത്തേ സ്ഥാപിച്ച അഞ്ചു കൂറ്റൻ പമ്പുകൾ ഉപയോഗിച്ചാണ് വെള്ളം നിറക്കൽ.
മണിക്കൂറിൽ ആയിരക്കണക്കിന് ക്യുബിക് മീറ്റർ കയറ്റി ആഴ്ചകൾക്കുള്ളിൽ എല്ലാ തുരങ്കങ്ങളും ഒഴിപ്പിക്കാനാകുമെന്നാണ് പ്രഖ്യാപനം. അതേസമയം, ബന്ദികളെ മുഴുവൻ പാർപ്പിച്ചത് ഇതേ തുരങ്കങ്ങളിലാണെന്നിരിക്കെ ഹമാസിനെ നശിപ്പിക്കാനെന്ന പേരിൽ സ്വന്തം പൗരന്മാരെയും വെള്ളത്തിൽ മുക്കിക്കൊല്ലുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
കനത്ത പ്രതിഷേധം സ്വാഭാവികമായും നേരിടേണ്ടിവരുമെന്നതിനാൽ വെള്ളംകയറ്റൽ ആരംഭഘട്ടത്തിലാണെന്നാണ് ഇസ്രായേൽ പ്രഖ്യാപനം. കനത്ത വ്യോമാക്രമണം, ദ്രാവക സ്ഫോടകവസ്തുക്കൾ, നായ്ക്കളെ അഴിച്ചുവിടൽ, ഡ്രോണുകളും റോബോട്ടുകളും അയക്കൽ തുടങ്ങിയവയും ആലോചിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. അതേസമയം, തുരങ്കങ്ങളിൽ വെള്ളം കയറ്റുന്നതിനെക്കുറിച്ച ചോദ്യത്തിന് ബന്ദികളുണ്ടോയെന്ന് അറിയില്ലെന്ന് ബൈഡൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

