കൊടുംചതി: 602 ഫലസ്തീനികളെ ഇനിയും വിട്ടയച്ചില്ല, കരാറിൽ ഗുരുതര ലംഘനം; ഇസ്രായേൽ നീക്കം ഉചിതമായ മറുപടിയെന്ന് വൈറ്റ് ഹൗസ്
text_fieldsഗസ്സയിൽനിന്ന് ട്രക്കിൽ ബന്ധനസ്ഥരാക്കി ഇസ്രായേൽ അധിനിവേശ സേന അന്യായമായി പിടിച്ച് കൊണ്ടുപോകുന്ന ഫലസ്തീനികൾ (ഫയൽചിത്രം)
ഗസ്സ സിറ്റി: മധ്യസ്ഥരായ യു.എസ്, ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളുടെ ഒത്തുതീർപ്പനുസരിച്ച് ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടും അന്യായമായി തടവിലിട്ട 602 ഫലസ്തീനികളെ വിട്ടയക്കാതെ ഇസ്രായേൽ. ഇസ്രായേൽ നീക്കം ഹമാസിനുള്ള ഉചിതമായ മറുപടിയാണെന്ന പ്രതികരണത്തിലൂടെ കരാർ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി.
ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തു എന്നാരോപിച്ചാണ് ഫലസ്തീനികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ വൈറ്റ് ഹൗസ് പിന്തുണക്കുന്നത്. ‘തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുന്നത് ബന്ദികളെ കൈകാര്യം ചെയ്തതിനുള്ള ഉചിതമായ മറുപടിയാണ്’ എന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, വർഷങ്ങളായി തടവിലിട്ട കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള 602 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാതിരുന്ന ഇസ്രായേൽ നടപടി ഗസ്സ വെടിനിർത്തൽ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. തടവുകാരുടെ കൈമാറ്റ ചടങ്ങുകൾ അപമാനകരമാണെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത് അൽ റഷ്ഖ് പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വെടിനിർത്തൽ കരാർ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നെതന്യാഹുവിന്റെ തീരുമാനം. വെടിനിർത്തൽ കരാർ ഇസ്രായേൽ നടപ്പാക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് നടപടി കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ആറ് ബന്ദികളെ ഇസ്രായേലിന് കൈമാറിയതിന് പിന്നാലെ 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്ന തീരുമാനമാണ് ഇസ്രായേൽ വൈകിപ്പിച്ചത്.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ‘അപമാനകരമായ’ ചടങ്ങുകൾ അവസാനിപ്പിച്ചാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂവെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അതേസമയം, തടവുകാരെ കൈമാറുന്ന ചടങ്ങ് അവരെ അപമാനിക്കലല്ലെന്നും മറിച്ച് മാന്യമായ മാനുഷിക പെരുമാറ്റമാണെന്നും ഹമാസ് വ്യക്തമാക്കി.
വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന്റെ അവസാനമായി ഈ ആഴ്ച ഹമാസ് നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറും. ബാക്കിയുള്ള ബന്ദികളെ കരാറിന്റെ രണ്ടാം ഘട്ടത്തിലാണ് കൈമാറുക. വെടിനിർത്തൽ നടപ്പാക്കുകയും ഇസ്രായേൽ സേന പൂർണമായും പിന്മാറുകയും ചെയ്യാതെ ബന്ദികളെ വിട്ടുനൽകില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

