Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിൽ നികുതി പിരിവ് തർക്കമെന്ന്; അവശ്യ ഉൽപന്നങ്ങൾ തടഞ്ഞ് ഇസ്രായേൽ ക്രൂരത

text_fields
bookmark_border
ഗസ്സയിൽ നികുതി പിരിവ് തർക്കമെന്ന്; അവശ്യ ഉൽപന്നങ്ങൾ തടഞ്ഞ് ഇസ്രായേൽ ക്രൂരത
cancel

ഗസ്സ: ഗസ്സയിലേക്ക് വാണിജ്യ ഉൽപന്നങ്ങൾ എത്തിക്കുന്നത് നിർത്തിവെച്ച് ഇസ്രായേൽ ക്രൂരത. പ്രാദേശിക വ്യാപാരികളും ഹമാസും തമ്മിലുള്ള നികുതി തർക്കമാണ് നടപടിക്ക് കാരണമെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. എന്നാൽ, ഈ ആരോപണം തള്ളിയ ഹമാസ്, വാണിജ്യ ചരക്കുകളുടെ വരവ് തടസ്സപ്പെടുത്തിയതിന് ഗസ്സയിലെ ഭരണകൂടത്തെ ഉത്തരവാദിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.

ഗസ്സയിലേക്കുള്ള പഴവർഗ്ഗങ്ങൾ, ശൈത്യകാല വസ്ത്രങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ ചരക്കുകളുടെ വരവാണ് ഇതോടെ നിലച്ചത്. ഇത് ഗസ്സയിലെ 21 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനകം കടുത്ത ഭക്ഷ്യക്ഷാമവും മാനുഷിക പ്രതിസന്ധിയും നേരിടുന്ന ഗസ്സയിൽ ശൈത്യകാലം അടുത്തെത്തുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.

ഗസ്സയിലെ മാനുഷിക കാര്യങ്ങളുടെ ഏകോപനം ഉൾപ്പെടെയുള്ള ചുമതലകൾ വഹിക്കുന്ന ഇസ്രായേൽ സൈനിക വിഭാഗമായ 'കോഗാറ്റാ'ണ് വാണിജ്യ ചരക്കുകളുടെ പ്രവേശനം നിർത്തിയതായി അറിയിച്ചത്. തുടർച്ചയായ രണ്ട് ദിവസമായി വാണിജ്യ ഉൽപന്നങ്ങളൊന്നും ഗസ്സയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ അധികൃതർ അറിയിച്ചത്.

ഗസ്സയിലേക്ക് പ്രവേശിക്കുന്ന ഓരോ ട്രക്കിനും ഹമാസ് 10,000 ഇസ്രായേലി ഷെക്കൽ (ഏകദേശം 3,220 ഡോളർ) ഫീസ് ഈടാക്കുന്നതും ഗസ്സയിലെ വിൽപ്പനയുടെ 30 ശതമാനവും പണമായി നടത്തണമെന്ന് ആവശ്യപ്പെടുന്നതുമാണ് വ്യാപാരികൾ ചരക്കുനീക്കം നിർത്താൻ കാരണമെന്നാണ് കോഗാറ്റിന്റെ ആരോപണം.

എന്നാൽ, ഗസ്സയിലെ സർക്കാർ മാധ്യമ ഓഫീസ് വ്യാഴാഴ്ച ഈ ആരോപണങ്ങൾ നിഷേധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ട്രക്കുകളുടെ പ്രവേശനം തടസ്സപ്പെട്ടതിന് ഗസ്സയിലെ ഭരണസംവിധാനത്തെ ഉത്തരവാദിയാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

ട്രക്കുകൾക്ക് ചുമത്തുന്ന ഫീസ് നിർബന്ധിത നികുതിയല്ലെന്നും ആവശ്യക്കാർക്ക് സഹായം നൽകുന്നതിനുള്ള ഫണ്ടിലേക്കുള്ള സന്നദ്ധ സംഭാവനയാണെന്നും ഗസ്സ അധികൃതർ വിശദീകരിച്ചു. വിധവകൾക്കും അനാഥർക്കും ഉൾപ്പെടെ സഹായം എത്തിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. യുദ്ധത്തിൽ തകർന്ന ഗസ്സയിൽ പണത്തിന്റെ കടുത്ത ക്ഷാമം നിലനിൽക്കുന്നതിനാൽ പണമായി ഇടപാടുകൾ നടത്താൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും അത് നിർബന്ധമാക്കിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്നതിൽ വാണിജ്യ ചരക്കുകൾക്ക് നിർണായക പങ്കുണ്ട്. സഹായസംഘടനകൾ സാധാരണയായി അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ എത്തിക്കുമ്പോൾ പഴങ്ങളും മാംസവും പോലുള്ള വേഗത്തിൽ കേടാകുന്ന ഭക്ഷ്യവസ്തുക്കൾ വ്യാപാരികളാണ് ഇറക്കുമതി ചെയ്യുന്നതെന്ന് ഈ വർഷം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

വാണിജ്യ ചരക്കുകളുടെ വരവ് നിക്കുന്നത് വിപണിയിലെ ലഭ്യത കുറക്കുകയും സാധനങ്ങളുടെ വില ഉയരാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഗസ്സയിലെ ഭക്ഷ്യപ്രതിസന്ധിയുടെ തീവ്രതയെക്കുറിച്ച് ജൂലൈയിൽ ആഗോള ഭക്ഷ്യസുരക്ഷാ നിരീക്ഷണസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വർഷാവസാനത്തോടെ ഗസ്സയിലെ മൂന്നിൽ രണ്ട് ഭാഗത്തിലധികം ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച കരാർ പ്രകാരം, പ്രതിദിനം കുറഞ്ഞത് 600 മാനുഷിക സഹായ ട്രക്കുകളെങ്കിലും ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിക്കേണ്ടതുണ്ട്. എന്നാൽ, യഥാർഥത്തിൽ എത്തുന്ന ട്രക്കുകളുടെ എണ്ണം ഇതിലും വളരെ കുറവാണെന്ന് നയതന്ത്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel halts commercial goods from entering Gaza; Hamas denies tax claims
Next Story