കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
text_fieldsതെൽ അവീവ്: ഇസ്രായേലിലെ ജറുസലേമിൽ ആളിപ്പടർന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ കാട്ടുതീയാണ് ജറുസലേമിന്‍റെ പ്രാന്തപ്രദേശങ്ങളിൽ പടർന്നു പിടിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3,000 ഏക്കർ ഭൂമി കത്തിനശിച്ചു.
പ്രാദേശിക അടിയന്തരാവസ്ഥ മാത്രമല്ല, ദേശീയ അടിയന്തരാവസ്ഥയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രധാന ഹൈവേകൾ അടച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തീപിടുത്തമായിരിക്കാം ഇതെന്നും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ജറുസലേം ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ജില്ല കമാൻഡറായ ഷ്മുലിക് ഫ്രീഡ്മാൻ മുന്നറിയിപ്പ് നൽകി. ഇറ്റലിയും ക്രൊയേഷ്യയും മൂന്ന് അഗ്നിശമന വിമാനങ്ങൾ സഹായത്തിനായി അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ജറുസലേം കുന്നുകളിൽ ആദ്യമായി തീപിടിത്തം കണ്ടെത്തിയത്. അഞ്ചോളം സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. എന്നാൽ ഉഷ്ണതരംഗത്തിൽ കാട്ടുതീ അതിവേഗം വ്യാപിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും 163 ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. ലാത്രുൻ, നെവേ ഷാലോം, എസ്റ്റോൾ വനം എന്നീ പ്രദേശങ്ങളിലാണ് കനത്ത തീ തുടരുന്നത്. മെവോ ഹോറോൺ, ബർമ റോഡ്, മെസിലാത് സിയോൺ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീപടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

