Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിൽ ഇസ്രായേൽ നിയന്ത്രിത മേഖല വ്യാപിപ്പിക്കുന്നു; വംശീയ ഉന്മൂലന ഭീതിയെന്ന് യു.എൻ

text_fields
bookmark_border
ഗസ്സയിൽ ഇസ്രായേൽ നിയന്ത്രിത മേഖല വ്യാപിപ്പിക്കുന്നു; വംശീയ ഉന്മൂലന ഭീതിയെന്ന് യു.എൻ
cancel

ഗസ്സയിൽ ഇസ്രായേൽ സൈന്യം കൂടുതൽ പ്രദേശങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുകയും ഫലസ്തീനികളെ വീണ്ടും വീണ്ടും മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നത് വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതായി യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷൻ (OHCHR) മുന്നറിയിപ്പ് നൽകി. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിന്റെ കൂടുതൽ ചുരുങ്ങിയ പ്രദേശത്തേക്ക്, ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തുടർച്ചയായി മാറ്റിപ്പാർപ്പിക്കുകയാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഹൈക്കമ്മീഷൻ പറഞ്ഞു.

ഇസ്രായേൽ സൈന്യം വിന്യസിച്ചിരിക്കുന്ന പരിധിയായ ‘യെല്ലോ ലൈൻ’ കടന്ന് പടിഞ്ഞാറോട്ട് കൂടുതൽ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. യെല്ലോ ലൈനിനെ ഇസ്രായേൽ സൈന്യം ‘ആക്രമണ മേഖല’ (kill zone) എന്ന നിലയിലാണ് പരിഗണിക്കുന്നതെന്ന് തോന്നുന്നതായി യു.എൻ ഏജൻസി വ്യക്തമാക്കി. ഇതോടെ യെല്ലോ ലൈനിന് അപ്പുറത്ത് അവശേഷിക്കുന്ന വീടുകളിലേക്ക് ഫലസ്തീനികൾക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയുടെ 70 ശതമാനം പ്രദേശത്തേക്ക് സൈനിക വിന്യാസം വ്യാപിപ്പിക്കുകയെന്ന ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി അവശേഷിക്കുന്ന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ടവർ കഴിയുന്ന കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്യുന്നതായും ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ഗസ്സയിൽ ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതും അഭയകേന്ദ്രങ്ങൾ ആക്രമിക്കുന്നതും അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകളും സഹായ ഏജൻസികളും നേരത്തെയും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്രായേൽ സൈന്യം പടിഞ്ഞാറോട്ട് കൂടുതൽ പ്രദേശങ്ങളിലേക്ക് നീങ്ങിയതായി ഹൈക്കമ്മീഷൻ രേഖപ്പെടുത്തി. ഇതോടെ ഗസ്സ സിറ്റിയിലെ ഷുജയേയ, മധ്യ ഗസ്സയിലെ കിഴക്കൻ ബുറൈജ്, കിഴക്കൻ ദെയർ അൽ-ബലാഹ്, കിഴക്കൻ അൽ-മഗാസി മേഖലകളിൽ ഫലസ്തീനികൾ വീണ്ടും കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എൻ ഏജൻസി അറിയിച്ചു.

ഷുജയേയയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന ക്യാംപുകൾക്ക് നേരെ കുറഞ്ഞത് രണ്ട് ഇസ്രായേൽ ആക്രമണങ്ങൾ നടന്നതായി ഹൈക്കമ്മീഷൻ പറഞ്ഞു. പ്രദേശത്ത് അവശേഷിച്ചിരുന്ന ഏതാനും കെട്ടിടങ്ങൾ സ്ഫോടക റോബോട്ടുകൾ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടുണ്ട്.

ഞായറാഴ്ച ഷുജയേയ ജങ്ഷനിലെ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ താമസിച്ചിരുന്ന ഒരു ടെന്റിന് നേരെ ഇസ്രായേൽ ഡ്രോൺ വെടിക്കോപ്പുകൾ പ്രയോഗിച്ചതായുളള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 200 കുടുംബങ്ങളിലായി 800 പേർക്ക് വീണ്ടും താമസം മാറ്റേണ്ടിവന്നതായി ഗസ്സയിലെ ഫലസ്തീൻ പൊതുമരാമത്ത്-ഭവന മന്ത്രാലയം അറിയിച്ചു.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഹൈക്കമ്മീഷൻ മേധാവി അജിത് സുൻഗേ, ഗസ്സയിലെ ‘കുടിയൊഴിപ്പിക്കലിന്റെ പേടിസ്വപ്നം’ അതിരൂക്ഷവും തുടർച്ചയായതുമാണെന്ന് പറയുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അവർ വിട്ടുപോയ പ്രദേശങ്ങളിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ഈ പ്രദേശങ്ങളിൽ ഭൂരിഭാഗവും യെല്ലോ ലൈനിന് അപ്പുറത്തായതിനാൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവർ വീണ്ടും വീണ്ടും കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും സുൻഗേ പറയുന്നു.

2025 ഒക്ടോബർ 11ന് നിലവിൽ വന്ന വെടിനിർത്തൽ തുടരുന്നതിനിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,574 പേർ കൊല്ലപ്പെടുകയും 5,687 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ 74,570 പേർ കൊല്ലപ്പെടുകയും 1,75,808 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel expands its controlled area in Gaza; UN warns of ethnic cleansing fears
Next Story