ഇസ്രായേൽ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്: വോട്ട് അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം
text_fieldsജറുസലേം: അതിനിർണായകമായ ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത്യപൂർവമായ ജനപങ്കാളിത്തം. രാവിലെ പത്ത് മണിയോടെ തന്നെ 16.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1981-ന് ശേഷം ഈ സമയത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണിത്. പത്ത് ലക്ഷത്തിലധികം ഇസ്രായേലികളാണ് ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണിയും മുൻ കരസേനാ മേധാവി ഗാദി ഐസൻകോട്ട്, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തുടങ്ങിയവർ നയിക്കുന്ന പ്രതിപക്ഷ നിരയും തമ്മിൽ ജീവന്മരണ പോരാട്ടം നടക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്നത്.
വോട്ട് അട്ടിമറിക്കാൻ നീക്കമെന്ന് ഐസൻകോട്ടിന്റെ പാർട്ടി; പരാതി നൽകി
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന്റെ പാർട്ടിയായ 'യാഷർ' രംഗത്തെത്തി. പോളിംഗ് ബൂത്തുകളിൽ നിന്ന് തങ്ങളുടെ പാർട്ടിയുടെ ബാലറ്റ് സ്ലിപ്പുകൾ വ്യാപകമായി നീക്കം ചെയ്ത് വോട്ടെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. വിഷയത്തിൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിക്ക് പാർട്ടി ഔദ്യോഗിക പരാതി നൽകി.
വോട്ടർമാരുടെ വരവ് സുഗമമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഇസ്രായേൽ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി ഇസ്രായേൽ റെയിൽവേ സർവീസുകൾ ഉൾപ്പെടെ 660 പൊതുഗതാഗത റൂട്ടുകളിൽ പൂർണമായും സൗജന്യ യാത്ര അനുവദിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനും വോട്ട് രേഖപ്പെടുത്തുന്നതിലെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനും 15,000 ക്യാമറകളാണ് പരിശോധനാ ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ചിരിക്കുന്നത്. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതോ സ്വാധീനിക്കുന്നതോ തടയാൻ കർശന നിരീക്ഷണമുണ്ട്. 73 ലക്ഷത്തിലധികം (7.33 മില്യൺ) വോട്ടർമാർക്കായി 12,018 പോളിംഗ് സ്റ്റേഷനുകളിലായി ഒരു ലക്ഷത്തോളം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സൈനികർ, രോഗികൾ, നയതന്ത്രജ്ഞർ എന്നിവരുൾപ്പെടെ ആറ് ലക്ഷത്തോളം പേർക്ക് പ്രത്യേക ബാലറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നെതന്യാഹുവിന്റെ ഭരണം പരീക്ഷണ ഘട്ടത്തിൽ; സർവേകളിൽ അനിശ്ചിതത്വം
ഒക്ടോബർ ഏഴിലെ സുരക്ഷാ വീഴ്ചകൾ, ഗസ്സ വംശഹത്യ, ഇറാൻ യുദ്ധം, പ്രാദേശിക സംഘർഷങ്ങൾ, അൾട്രാ-ഓർത്തഡോക്സ് ജൂതന്മാർക്ക് സൈനിക സേവനത്തിൽ നൽകിയിരിക്കുന്ന ഇളവുകൾ, വിവാദ ജുഡീഷ്യൽ പരിഷ്കാരങ്ങൾ എന്നിവയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. 34 രാഷ്ട്രീയ പാർട്ടികൾ ജനവിധി തേടുന്ന തെരഞ്ഞെടുപ്പിൽ, നെതന്യാഹുവിന്റെ 'ലിക്കുഡ് പാർട്ടി'യുടെ ബ്ലോക്കിനോ പ്രതിപക്ഷ സഖ്യത്തിനോ കേവലഭൂരിപക്ഷമായ 61 സീറ്റുകൾ ഉറപ്പാക്കാൻ കഴിയില്ലെന്നാണ് ഒടുവിലത്തെ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ചെറിയ പാർട്ടികളുടെ പ്രകടനവും അവർ നേടുന്ന സീറ്റുകളുമാകും പുതിയ സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാവുക.
പ്രാദേശിക സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 1:30) പോളിംഗ് അവസാനിക്കുന്നതോടെ പുറത്തുവരുന്ന എക്സിറ്റ് പോളുകൾക്കായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

