നെതന്യാഹു തോറ്റതിന് പഴി ഖത്തറിനും തുർക്കിയക്കും; വോട്ടർമാരെ വിലക്കെടുത്തെന്ന് ആരോപണം
text_fieldsബിന്യമിൻ നെതന്യാഹു
തെൽഅവീവ്: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഭരണമുന്നണിക്കും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിനും കേവലഭൂരിപക്ഷം നേടാനാവാതെ വന്നതോടെ, 'വോട്ട് മോഷണ' ആരോപണവുമായി നെതന്യാഹു ക്യാമ്പ് രംഗത്ത്. അറബ് വോട്ടർമാരെ സ്വാധീനിക്കാനും വോട്ടിംഗ് ശതമാനം ഉയർത്താനും ഖത്തറും തുർക്കിയയും തെരഞ്ഞെടുപ്പിൽ വൻതോതിൽ പണമൊഴുക്കി എന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും മകൻ യായ്ര് നെതന്യാഹുവും ഉന്നയിച്ചിരിക്കുന്ന ആരോപണം.
എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിദേശ ഇടപെടൽ നടന്നു എന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകടകരവുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. തോൽവി ഉറപ്പായപ്പോൾ നെതന്യാഹു ഭയം മൂലം വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് ഇസ്രായേലിലെ അറബ് രാഷ്ട്രീയ പാർട്ടികളും കുറ്റപ്പെടുത്തി.
സഭയിൽ സ്തംഭനാവസ്ഥ: നെതന്യാഹുവിന് 53, പ്രതിപക്ഷത്തിന് 48
വോട്ടുകൾ എണ്ണിത്തീർന്നപ്പോഴും 120 അംഗ നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾ തികയ്ക്കാൻ ഇരു മുന്നണികൾക്കും സാധിച്ചിട്ടില്ല. ലിക്കുഡ് നയിക്കുന്ന വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മുൻ കരസേനാ മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബ്ലോക്കിന് 48 സീറ്റുകളാണ് ലഭിക്കുന്നത്.
ഷിൻ ബെറ്റ് അന്വേഷണം; ആരോപണവുമായി ലിക്കുഡ്
അറബ് വോട്ടർമാരെ കേന്ദ്രീകരിച്ച് വിദേശ ഫണ്ട് ഒഴുകിയെന്ന ആരോപണങ്ങളിൽ ഇസ്രായേൽ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ 'ഷിൻ ബെറ്റ്' അന്വേഷണം ആരംഭിച്ചു. സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് നോം സോഹൽബർഗ് ആണ് ഷിൻ ബെറ്റ് മേധാവി ഡേവിഡ് സിനിയോട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്. തന്റെ പിതാവിനെ താഴെയിറക്കാൻ ഖത്തറും തുർക്കിയയും മറ്റ് അറബ് രാജ്യങ്ങളും ദശലക്ഷക്കണക്കിന് ഡോളർ ഒഴുക്കിയെന്ന് യായ്ര് നെതന്യാഹു ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ റആം പാർട്ടി പണം നൽകിയെന്ന ആരോപണത്തിൽ ചില പാർട്ടി പ്രവർത്തകർ കസ്റ്റഡിയിലായതായും റിപ്പോർട്ടുകളുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് ഖത്തറും അറബ് നേതാക്കളും; തിരിച്ചടിച്ച് ഐസൻകോട്ട്
നെതന്യാഹുവിന്റെ ആരോപണങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി രംഗത്തെത്തി.
"ഇസ്രായേലിലെ ചില രാഷ്ട്രീയക്കാരും അവരുടെ മാധ്യമ സഖ്യങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ വിഡ്ഢിത്തവും അപകടകരവുമാണ്. നെതന്യാഹുവിനെയും ഇസ്രായേലി ഇടതുപക്ഷത്തെയും, ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അറബ് വോട്ടർമാരെയും ഖത്തർ വിലയ്ക്കെടുത്തുവെന്നാണ് അവരുടെ ജല്പനം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഖത്തർ ഒരു തരത്തിലും ഇടപെട്ടിട്ടില്ല."
— ഖത്തർ വ്യക്തമാക്കി.
ജനവിധിയിൽ കൃത്രിമം കാട്ടാനും ഭരണമാറ്റം അട്ടിമറിക്കാനുമാണ് നെതന്യാഹു ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യ എതിരാളി ഗാദി ഐസൻകോട്ട് തിരിച്ചടിച്ചു. അറബ് ജനതയുടെ രാഷ്ട്രീയ ശക്തി കണ്ട് ഭയന്നാണ് നെതന്യാഹു വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്ന് ജോയിന്റ് ലിസ്റ്റ് നേതാക്കളും ആഞ്ഞടിച്ചു. കൂടാതെ, വോട്ട് തട്ടിയെടുക്കപ്പെട്ടു എന്ന ലിക്കുഡിന്റെ വാദങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്ന് ഇസ്രായേൽ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

