Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ രൂപീകരിക്കുമെന്ന് നെതന്യാഹു; തോൽവി അംഗീകരിക്കണമെന്ന് ഐസൻകോട്ട്; ഇസ്രായേൽ തെരഞ്ഞെടുപ്പിന് പിന്നാലെ വാക്പോര്

text_fields
bookmark_border
സർക്കാർ രൂപീകരിക്കുമെന്ന് നെതന്യാഹു; തോൽവി അംഗീകരിക്കണമെന്ന് ഐസൻകോട്ട്; ഇസ്രായേൽ തെരഞ്ഞെടുപ്പിന് പിന്നാലെ വാക്പോര്
cancel

തെൽ അവീവ്: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരികയും വോ​ട്ടെണ്ണൽ തുടങ്ങുകയും ചെയ്തതിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ പോര് കനക്കുന്നു. ഇസ്രായേൽ ജനത മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നും, അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തോൽവി അംഗീകരിച്ച് പദവി ഒഴിയണമെന്നും പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ട് ആവശ്യപ്പെട്ടു.

തെൽ അവീവിലെ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് യഷാർ പാർട്ടി തലവനായ ഗാഡി ഐസൻകോട്ട് നെതന്യാഹുവിന്റെ രാജിക്കായി കടുത്ത സമ്മർദ്ദം ചെലുത്തിയത്. ‘ഇസ്രായേൽ ജനങ്ങൾ ഭരണമാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞു. പരാജയപ്പെട്ട ഈ ഭരണസഖ്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധിയാണിത്. ജനവിധി മാനിച്ച് അദ്ദേഹം സ്ഥാനം ഒഴിയണം’ ഐസൻകോട്ട് ആവശ്യപ്പെട്ടു. തങ്ങളുടെ നേതൃത്വത്തിൽ ഒരു സയണിസ്റ്റ് സർക്കാർ രൂപീകരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഐസൻകോട്ട് വ്യക്തമാക്കി.

എന്നാൽ, നിർണ്ണായകമായ ഒരു വലതുപക്ഷ സർക്കാർ രാജ്യത്ത് അധികാരത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നെതന്യാഹു രംഗത്തെത്തി. എക്സിറ്റ് പോളുകൾ തൂക്കുസഭക്ക് സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ലിക്കുഡ് പാർട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് നെതന്യാഹു അവകാശപ്പെട്ടു.

സയണിസ്റ്റ്-ജൂത ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ സഖ്യത്തിനാണ് നിർണ്ണായക ഭൂരിപക്ഷമുള്ളതെന്നും, അതിനാൽ തന്നെ ശക്തമായ ഒരു ദേശീയ വലതുപക്ഷ സർക്കാർ രൂപീകരിക്കുകയാണ് അടുത്ത നടപടിയെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പിനെ എതിർക്കുന്ന അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു സർക്കാർ രൂപീകരിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

120 അംഗ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. എക്സിറ്റ് പോൾ വിവരങ്ങൾ അനുസരിച്ച് നെതന്യാഹുവിന്റെ സഖ്യത്തിനും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും കേവലഭൂരിപക്ഷം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. 18 സീറ്റുകൾ വരെ നേടിയേക്കാവുന്ന അറബ് പാർട്ടികളുടെ നിലപാട് ഇനിയുള്ള സർക്കാർ രൂപീകരണ ചർച്ചകളിൽ നിർണ്ണായകമാകും.

നിലവിൽ നെതന്യാഹു തോൽവി സമ്മതിക്കാൻ തയാറാകാതിരിക്കുകയും, ഐസൻകോട്ട് സർക്കാർ ഉണ്ടാക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തതോടെ വരും ദിവസങ്ങളിൽ ഇസ്രായേലിൽ കടുത്ത രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾ നടക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇസ്രായേലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുന്ന ഇസ്രായേൽ രാഷ്ട്രം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Netanyahu plans to form ‘right-wing government’; Eisenkot had urged him to accept defeat and step down
Next Story