സിംഹാസനം ഇളകുന്നു! നെതന്യാഹുവിനെ പൂട്ടാൻ അണിയറയിൽ ഗൂഢനീക്കം
text_fieldsജറുസലേം: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും പുതിയ നെസറ്റ് (ഇസ്രായേൽ പാർലമെന്റ്) ചുമതലയേൽക്കുമ്പോഴും കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ് ബിന്യമിൻ നെതന്യാഹു. എന്നാൽ, ചൊവ്വാഴ്ച നിലവിൽ വരുന്ന പുതിയ പാർലമെന്റിൽ തനിക്കെതിരായ രാഷ്ട്രീയ സമവാക്യങ്ങൾ ശക്തിപ്പെട്ടതോടെ നെതന്യാഹുവിന്റെ ഭരണത്തുടർച്ചയും രാഷ്ട്രീയ ഭാവിയും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുൻ സൈനിക മേധാവിയും മിതവാദ സഖ്യത്തിന്റെ നേതാവുമായ ഗാഡി ഐസൻകോട്ടിനെയാണ് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ദൗത്യം ഏൽപ്പിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചിരിക്കുന്നത്. ആർക്കും ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ സങ്കീർണമായി തുടരുകയാണെങ്കിലും, സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് നെതന്യാഹുവിനെ പൂട്ടാൻ പ്രതിപക്ഷ ചേരി ഇതിനകം പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു.
നെസറ്റിലെ സീറ്റ് നില: നെതന്യാഹുവിന്റെ ഭൂരിപക്ഷം തകർന്നു
120 അംഗ പാർലമെന്റിൽ സർക്കാരുണ്ടാക്കാൻ ആവശ്യമായ 61 സീറ്റുകൾ ഇരു മുന്നണികൾക്കും സ്വന്തമായിട്ടില്ല. മുൻപുണ്ടായിരുന്ന 68 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ നിന്ന് നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ മുന്നണി ഇത്തവണ 53 സീറ്റുകളിലേക്ക് കൂപ്പുകുത്തി. പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾ ഉൾപ്പെടുന്ന ഐസൻകോട്ട് മുന്നണിക്ക് 48 സീറ്റുകളാണുള്ളത്. നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ തീവ്ര നിലപാടുകളെയും ശക്തമായി എതിർക്കുന്ന അറബ് ഭൂരിപക്ഷ പാർട്ടികൾക്ക് ഇത്തവണ റെക്കോർഡ് നേട്ടമായി 19 സീറ്റുകൾ ലഭിച്ചു. ഐസൻകോട്ട് ഇവരുമായി നേരിട്ട് കൈകോർക്കുമോ എന്നത് വ്യക്തമല്ലെങ്കിലും, സഭയ്ക്കുള്ളിൽ നെതന്യാഹുവിനെതിരായ നീക്കങ്ങൾക്ക് ഈ 19 അംഗങ്ങൾ നിർണായക പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.
നെതന്യാഹുവിനെ പൂട്ടാൻ പുതിയ പാർലമെന്റിന്റെ 3 തന്ത്രങ്ങൾ
ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാത്തിരിക്കാതെ തന്നെ പാർലമെന്റിന്റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് നെതന്യാഹുവിനെതിരെ നടപടിയെടുക്കാൻ പ്രതിപക്ഷ നീക്കം സജീവമാണ്.
- ഒക്ടോബർ 7 വീഴ്ചകളിൽ അന്വേഷണ കമീഷൻ: ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ പരാജയമായ 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ സമ്പൂർണ അധികാരങ്ങളുള്ള ഒരു സ്വതന്ത്ര ദേശീയ അന്വേഷണ കമീഷനെ നിയോഗിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന അജണ്ട. രാഷ്ട്രീയക്കാരെ വെച്ച് സ്വന്തം നിലയിൽ പരിശോധന നടത്താൻ ശ്രമിച്ചിരുന്ന നെതന്യാഹു ഇതിനെ ശക്തമായി എതിർത്തുപോരുകയായിരുന്നു. പുതിയ സർക്കാർ രൂപീകരിക്കും മുൻപ് തന്നെ പാർലമെന്ററി പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിക്കാനാണ് ഐസൻകോട്ടിന്റെ നീക്കം.
- വിവാദ നിയമങ്ങൾ റദ്ദാക്കൽ: നെതന്യാഹു കൊണ്ടുവന്ന വിവാദപരമായ നീതിന്യായ പരിഷ്കരണ നിയമങ്ങൾ, സുപ്രീം കോടതിയുടെ അധികാരം വെട്ടിച്ചുരുക്കിയ ഉത്തരവുകൾ, അറ്റോർണി ജനറലിനെ പുറത്താക്കാൻ എളുപ്പമാക്കിയ ഭേദഗതികൾ എന്നിവ റദ്ദാക്കാൻ വോട്ടെടുപ്പ് നടത്തും. ഒപ്പം, അൾട്രാ-ഓർത്തഡോക്സ് ജൂതന്മാർക്ക് സൈനിക സേവനത്തിൽ നിന്ന് നൽകിയിരുന്ന ഇളവുകൾ റദ്ദാക്കാനും പ്രതിപക്ഷം ലക്ഷ്യമിടുന്നു.
- പുതിയ സ്പീക്കർ തെരഞ്ഞെടുപ്പ്: നെതന്യാഹുവിന്റെ വിശ്വസ്തനും ലിക്കുഡ് പാർട്ടി നേതാവുമായ അമീർ ഒഹാനയെ മാറ്റി പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പോരാട്ടമാണ് ആദ്യം നടക്കുക. ഉദ്ഘാടന സമ്മേളനത്തിൽ തന്നെ സ്പീക്കറെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. "എത്രയും വേഗം നെസ്സെറ്റിന്റെ നിയന്ത്രണം ഞങ്ങൾ പിടിച്ചെടുക്കും," മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.
കൂടാതെ, ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ കാവൽ സർക്കാരിന് രാഷ്ട്രീയ അനുമതിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് സൈനിക മേധാവികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

