ഇസ്രായേൽ ഫലസ്തീനിലെ ക്രിസ്ത്യാനികളെയും നശിപ്പിച്ചുവെന്ന് ഫലസ്തീനിലെ ചർച്ച് കമ്മിറ്റി; ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏക രാഷ്ട്രം ഇസ്രായേൽ ആണെന്ന നെതന്യാഹുവിനുള്ള മറുപടി
text_fieldsജറൂസലേം: ഇസ്രായേൽ ഫലസ്തീനിലെ ക്രിസ്ത്യൻ സാന്നിധ്യത്തെയും ഇല്ലാതാക്കിയെന്നും ഗസ്സയിലെ കൂട്ടക്കൊലക്കിടയിൽ ക്രിസ്ത്യൻ പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും ബോംബാക്രമണം തുടരുകയാണെന്നും ഫലസ്തീനിലെ ചർച്ച് അഫയേഴ്‌സ് ഹയർ പ്രസിഡൻഷ്യൽ കമ്മിറ്റി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെള്ളിയാഴ്ച യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായാണ് ചർച്ച് കമ്മിറ്റിയുടെ പ്രസ്താവന. മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏക രാഷ്ട്രം ഇസ്രായേൽ ആണെന്ന് നെതന്യാഹു അവകാശപ്പെട്ടിരുന്നു.
2002ലെ വെസ്റ്റ് ബാങ്ക് കടന്നുകയറ്റത്തിനിടെ ചർച്ച് ഓഫ് ദി നേറ്റിവിറ്റിക്ക് പുറത്ത് ഒരു ഇസ്രായേലി ടാങ്കിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ചർച്ച് കമ്മിറ്റി കടുത്ത ആക്രമണമാണ് നടത്തിയത്. ‘ആളൊഴിഞ്ഞ യു.എൻ ജനറൽ അസംബ്ലി ഹാളിൽ, യുദ്ധക്കുറ്റവാളിയും ഐ.സി.സിയിൽനിന്ന് ഒളിച്ചോടുന്നയാളുമായ ബിന്യമിൻ നെതന്യാഹു വീണ്ടും ഫലസ്തീൻ ക്രിസ്ത്യാനികളെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നു’വെന്ന് കമ്മിറ്റി പറഞ്ഞു.
സത്യം വളരെ വ്യക്തമാണ്. ഇസ്രായേലിന്റെ കോളനിവൽക്കരണ നയങ്ങൾ വംശഹത്യയും വംശീയതയും വർണ വിവേചനവും ചേർന്നതാണെന്നും അതിൽ പറയുന്നു. 1928 നക്ബ വേളയിൽ ഫലസ്തീൻ ജനസംഖ്യയുടെ 12.5ശതമാനവും ക്രിസ്ത്യാനികൾ ആയിരുന്നു. എന്നാൽ, ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തോടെ പതിനായിരക്കണക്കിനുപേർ അവരുടെ വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടു.
ഇന്നത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ആകെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ വെറും 1.2 ശതമാനവും, 1967ല്‍ ഇസ്രയേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ 1 ശതമാനവും മാത്രവുമാണ് ക്രിസ്ത്യാനികളുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന്റെ വംശീയ ഉന്മൂലനവും നിര്‍ബന്ധിത കുടിയിറക്കവും ഭൂമി കൈയ്യേറ്റവും അടിച്ചമര്‍ത്തലുമാണ് ക്രിസ്ത്യാനികളുടെ ജനസംഖ്യാ ഇടിവിന് കാരണമായതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
ഇസ്രായേൽ ഗസ്സയില്‍ ആക്രമണം കടുപ്പിച്ച രണ്ടര വര്‍ഷത്തിനുള്ളില്‍ 44 ഫലസ്തീന്‍ ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ആക്രമണം മാത്രമല്ല, ഭക്ഷ്യ-മരുന്ന് ക്ഷാമവും മാനുഷികമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെയുള്ള ദുരിതങ്ങളും മരണങ്ങള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

