Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊളിക്കൽ കൂലിയായി...

പൊളിക്കൽ കൂലിയായി ലക്ഷങ്ങൾ കെട്ടിവെക്കണമെന്ന് ഇസ്രായേൽ; സ്വന്തം കരങ്ങളാൽ വീടുകൾ തകർക്കാൻ നിർബന്ധിതരായി ഫലസ്തീനികൾ

text_fields
bookmark_border
പൊളിക്കൽ കൂലിയായി ലക്ഷങ്ങൾ കെട്ടിവെക്കണമെന്ന് ഇസ്രായേൽ; സ്വന്തം കരങ്ങളാൽ വീടുകൾ തകർക്കാൻ നിർബന്ധിതരായി ഫലസ്തീനികൾ
cancel

ജറുസലേം: ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രൂരമായ സാമ്പത്തിക വേട്ടയാടലിൽനിന്ന് രക്ഷപ്പെടാൻ വിറയുന്ന കൈകൾ കൊണ്ട് സ്വന്തം വീടുകൾ തകർക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലാണ് ഫലസ്തീൻ കുടുംബങ്ങൾ. കിഴക്കൻ ജറുസലേമിലെ സിൽവാൻ ജില്ലയിലുള്ള അൽ-ബുസ്താൻ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് അധിനിവേശ ഇസ്രായേൽ മുൻസിപ്പാലിറ്റിയുടെ (ബൽദിയ) കടുത്ത പിഴകളിൽനിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ സ്വന്തം കിടപ്പാടങ്ങൾ തകർക്കാൻ നിർബന്ധിതരാകുന്നത്. ഇസ്രായേൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നിർമിക്കുന്ന 'കിങ്സ് ഗാർഡൻ പാർക്ക്' എന്ന ബൈബിൾ അധിഷ്ഠിത തീം പാർക്കിന് വേണ്ടിയാണ് നൂറ്റാണ്ടുകളായി ഫലസ്തീനികൾ താമസിക്കുന്ന ഈ പ്രദേശം ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത്.

ബൽദിയയുടെ ബുൾഡോസറുകളും വൻ സായുധ പൊലീസ് സന്നാഹവും എത്തി വീടുകൾ തകർത്താൽ, ആ പൊളിക്കൽ പ്രക്രിയയുടെ മുഴുവൻ ഭീമമായ ചെലവും ഇസ്രായേൽ ഈ പാവപ്പെട്ട കുടുംബങ്ങളിൽനിന്നാണ് ഈടാക്കുന്നത്. അധിനിവേശക്കാരുടെ ബുൾഡോസറുകൾ എത്തിയാൽ 2,80,000 ഷെക്കലിലധികം (90 ലക്ഷത്തോളം ഇന്ത്യൻ രൂപ) പൊളിക്കൽ കൂലിയായി നൽകേണ്ടിവരുമെന്ന് അവിടുത്തെ താമസക്കാരനായ ജലാൽ അൽ-തവിൽ കണ്ണീരോടെ പറയുന്നു. എന്നാൽ സ്വന്തമായി ആളുകളെയും ഹിറ്റാച്ചിയും വാടകയ്ക്കെടുത്ത് പൊളിച്ചാൽ ഇതിന്റെ പത്തിലൊന്ന് തുക മാത്രമേ ചെലവ് വരികയുള്ളൂ.

"ആത്മഹത്യയോ കൊലപാതകമോ ഏതാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് പോലെയാണിത്. അവർ വന്ന് പൊളിച്ചാൽ വീട് മാത്രമല്ല, നമ്മുടെ ഭൂമിയും കൃഷിയും വരെ നശിപ്പിച്ച് വലിയൊരു നരകമാക്കി മാറ്റും," ജലാൽ തന്റെ നിസ്സഹായാവസ്ഥ പങ്കുവെച്ചു.

ഭരണകൂട ഭീകരതയുടെ മറ്റൊരു ക്രൂരമായ മുഖം വെളിപ്പെടുത്തുന്നത് അബു ദിയാബ് എന്ന താമസക്കാരന്റെ വാക്കുകളാണ്. സ്വന്തം വീട് തകർത്ത വകയിൽ മുൻസിപ്പാലിറ്റി ചുമത്തിയ 43,000 ഷെക്കൽ (14 ലക്ഷത്തിലധികം രൂപ) പിഴ തുക അദ്ദേഹത്തിന് ഇപ്പോഴും അടക്കാനായിട്ടില്ല. ഇതിനെല്ലാം പുറമെ, തന്റെ വീട് പൊളിക്കുന്നത് മേൽനോട്ടം വഹിക്കാൻ വന്ന ഇസ്രായേൽ പൊലീസുകാർ കഴിച്ച സാൻഡ്‌വിച്ചിന്റെ വിലയായ 9,000 ഷെക്കലും (ഏകദേശം 3 ലക്ഷം രൂപ) അബു ദിയാബിൽ നിന്നാണ് ഇസ്രായേൽ ഈടാക്കിയത്! കരളലിയിക്കുന്ന ഈ കാഴ്ചകൾ സിൽവാന്റെ തെരുവുകളിൽ ഇന്ന് പതിവായി മാറിയിരിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അൽ-ബുസ്താനിൽ മാത്രം ഫലസ്തീനികളുടെ 57ലധികം വീടുകളാണ് ഇസ്രായേൽ കിങ്കരന്മാർ ഇത്തരത്തിൽ മണ്ണോട് ചേർത്തത്. വരും ആഴ്ചകളിൽ എട്ടിലധികം വീടുകൾ കൂടി തകർക്കാൻ തീരുമാനിച്ചിരിക്കുകയാണവർ.

ചരിത്രപ്രസിദ്ധമായ 'സിറ്റി ഓഫ് ഡേവിഡ്' സൈറ്റുമായി ബന്ധിപ്പിച്ച് സോളമൻ രാജാവിന്റെയും ദാവീദ് രാജാവിന്റെയും കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പാർക്ക് പുനർനിർമിക്കുക എന്ന വിനോദസഞ്ചാര-പുരാവസ്തു പദ്ധതിയുടെ ഭാഗമായാണ് ഈ വംശീയ ഉന്മൂലനം നടക്കുന്നത്.

ഫലസ്തീനികളുടെ ശക്തമായ പ്രതിഷേധവും രാജ്യാന്തര സമ്മർദവും കാരണമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ പദ്ധതി നടപ്പാക്കാൻ കഴിയാതിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ എതിർപ്പുകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രായേൽ ബുൾഡോസറുകൾ ജനവാസമേഖലയിലേക്ക് ഇരച്ചുകയറുകയാണ്.

ജറുസലേമിന്റെ ബഹുസ്വരതയെയും ഫലസ്തീനികളുടെ ചരിത്രപരമായ നിലനിൽപ്പിനെയും പൂർണമായി തുടച്ചുനീക്കാനുള്ള ഇസ്രായേലിന്റെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് മനുഷ്യാവകാശ സംഘടനയായ 'ഇർ ആമീം' ഗവേഷകൻ അവീവ് താതാർസ്കി വ്യക്തമാക്കുന്നു. ഫലസ്തീനികളുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും ഇല്ലാതാക്കി പകരം വംശീയമായ ഒരു 'ഡിസ്നി ലാൻഡ്' മാതൃക സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്.

മുൻസിപ്പാലിറ്റിയുടെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ അബു ദിയാബ്, പച്ചപ്പും പാർക്കുകളും ഉൾപ്പെടുത്തി തങ്ങൾ സമർപ്പിച്ച വികസന പ്ലാൻ രാഷ്ട്രീയ കാരണങ്ങളാൽ ഇസ്രായേൽ തള്ളിക്കളയുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശത്തിന് എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ തങ്ങളുടെ പൂർവ്വികർ പണിതുയർത്തിയതാണ് ഈ വീടുകളെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരു ജനതയുടെ ചരിത്രത്തെയും ഓർമ്മകളെയും മണ്ണിലിട്ട് ചവിട്ടിമെതിച്ചുകൊണ്ടാണ് അധിനിവേശ ശക്തികൾ അവിടെ ആമോദ പാർക്കുകൾ പണിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelEast JerusalemInvasionDemolition of buildingsIsraeli Terrorism
News Summary - Israel demands millions in demolition fees; Palestinians in Silwan forced to demolish homes with their own hands
Next Story