തത്സമയ സംപ്രേഷണത്തിനിടെ സൈനിക കമാൻഡറെ നീക്കം ചെയ്യുമെന്ന് പ്രഖ്യാപനം; ഇസ്രായേലിൽ പ്രതിരോധ മന്ത്രിയും സൈന്യവും തമ്മിൽ പരസ്യപ്പോര്
text_fieldsഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്
തെൽ അവീവ്: ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സൈന്യവും തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. ടെലിവിഷൻ തത്സമയ സംപ്രേക്ഷണത്തിനിടയിൽ ഐ.ഡി.എഫ് സെൻട്രൽ കമാൻഡ് മേധാവി മേജർ ജനറൽ അവി ബ്ലൂത്തിനെ പ്രതിരോധ മന്ത്രി രൂക്ഷമായി വിമർശിക്കുകയും പകരക്കാരനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിരോധ മന്ത്രിക്ക് ഏകപക്ഷീയമായി മേജർ ജനറലിനെ നീക്കം ചെയ്യാൻ അധികാരമില്ലെന്നും ബ്ലൂത്ത് തന്റെ പദവിയിൽ തുടരുമെന്ന് സൈന്യം പ്രഖ്യാപിച്ചതോടെ ഇരു ചേരികളും തമ്മിലുള്ള പോര് പരസ്യമായി.
വലതുപക്ഷ മാധ്യമമായ ചാനൽ 14-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി കാറ്റ്സ് ഈ വിവാദ പ്രഖ്യാപനം നടത്തിയത്. അക്രമിയായ ഒരു കുടിയേറ്റക്കാരനെതിരെ നിയമപരമായ നിയന്ത്രണ ഉത്തരവ് നീട്ടാൻ സെൻട്രൽ കമാൻഡ് മേധാവി അവി ബ്ലൂത്ത് ശ്രമിച്ചുവെന്നും, ഇത് തന്റെ നയങ്ങൾക്ക് പൂർണമായും എതിരാണെന്നുമാണ് മന്ത്രി ആരോപിച്ചത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമമായ ഖിർബത്ത് ഹുംസയിൽ നടന്ന ഒരു അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തൽ യോനോൻ ദാർദിക് എന്ന കുടിയേറ്റക്കാരന്റെ വിഷയത്തിലാണ് ഈ തർക്കങ്ങൾ ഉടലെടുത്തത്. തടവിൽ കഴിയുന്ന കുടിയേറ്റക്കാരനെ മന്ത്രി കാറ്റ്സ് ജയിലിൽ ചെന്ന് നേരിൽ കണ്ടതും വലിയ ചർച്ചയായിരുന്നു.
യോനോന്റെ അറസ്റ്റിനെ തുടർന്ന് വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ് സാങ്കേതിക കാരണങ്ങളാൽ ദാർദിക്കിന്റെ നിയന്ത്രണ ഉത്തരവ് (Restraining Order) റദ്ദാക്കപ്പെട്ടിരുന്നു. തുടർന്ന് ഇത് പുതുക്കരുതെന്ന് കാറ്റ്സ് ബ്ലൂത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ ദാർദിക്കിന്റെ മോചനത്തിനെതിരെ ബ്ലൂത്തും മിലിട്ടറി അഡ്വക്കേറ്റ് ജനറൽ കോർപ്സും കോടതിയിൽ അപ്പീൽ നൽകിയെന്നും, ഇത് തന്റെ നയങ്ങൾക്ക് എതിരാണെന്നും കാറ്റ്സ് ആരോപിച്ചു.
ഇക്കാരണങ്ങളാലാണ് മേജർ ജനറൽ അവി ബ്ലൂത്തിന് പകരം ഐ.ഡി.എഫ് പേഴ്സണൽ ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ദാഡോ ബാർ കലീഫയെ പുതിയ സെൻട്രൽ കമാൻഡ് മേധാവിയായി നിയമിക്കാൻ താൻ തീരുമാനിച്ചതായി കാറ്റ്സ് പ്രഖ്യാപിച്ചത്. 2024 ജൂലൈ മുതൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സെൻട്രൽ കമാൻഡ് മേധാവിയായി തുടരുകയാണ് ബ്ലൂത്ത്. സാധാരണയായി രണ്ടുമുതൽ മൂന്ന് വർഷം വരെയാണ് ഈ പദവിയുടെ കാലാവധി.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾക്കും 'യഹൂദി ഭീകരവാദത്തിനുമെതിരെ' സംസാരിച്ചതിന് തീവ്രവലതുപക്ഷ കുടിയേറ്റക്കാരുടെ കടുത്ത വിമർശനം ബ്ലൂത്ത് നേരിട്ടിട്ടുണ്ട്. ഫലസ്തീൻ ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുകയും കുടിയേറ്റക്കാരെ അന്യായമായി ലക്ഷ്യമിടുകയും ചെയ്യുന്നു എന്നാണ് തീവ്രവലതുപക്ഷക്കാരുടെ ആരോപണം. അതേസമയം, കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ഇടതുപക്ഷ ഗ്രൂപ്പുകളും അദ്ദേഹത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്.
കാറ്റ്സിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീറുമായി ഈ തീരുമാനം ചർച്ച ചെയ്തിട്ടില്ലെന്നും, ഈ ഘട്ടത്തിൽ ബ്ലൂത്തിന് പകരം മറ്റൊരു കമാൻഡറെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എന്നാൽ ഈ വിഷയം രാഷ്ട്രീയ തലത്തിലും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കും പാർട്ടിക്കുള്ളിലെ പ്രൈമറികൾക്കും വേണ്ടി സൈന്യത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാക്കളായ ഗാഡി ഐസൻകോട്ടും നാഫ്തലി ബെന്നറ്റും ശക്തമായി കുറ്റപ്പെടുത്തി. അതേസമയം, സൈനിക മേധാവിയുടെ അനുമതിയില്ലാതെയും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും പ്രതിരോധ മന്ത്രി നടത്തിയ ഈ ഏകപക്ഷീയ പ്രഖ്യാപനം ഇസ്രായേൽ രാഷ്ട്രീയത്തിലും സൈനിക നേതൃത്വത്തിലും കടുത്ത ഭിന്നതകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

