Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ...

ഇസ്രായേൽ ഗസ്സയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; കുടിവെള്ള ശുദ്ധീകരണ പ്ലാന്റും നിലച്ചു

text_fields
bookmark_border
ഇസ്രായേൽ ഗസ്സയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; കുടിവെള്ള ശുദ്ധീകരണ പ്ലാന്റും നിലച്ചു
cancel

ഗസ്സ സിറ്റി: ഇസ്രായേൽ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചതിനെ തുടർന്ന് ഗസ്സ ഇരുട്ടിലമരുകയും വരണ്ട പ്രദേശത്തിന്റെ ഒരു ഭാഗത്തേക്ക് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന പ്ലാന്റിനെ ബാധിക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണ് ഈ നീക്കമെന്ന് ഹമാസ് ആരോപിച്ചു.

യുദ്ധ വേളയിൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ കടുത്ത ഇരകളായ 2 ദശലക്ഷത്തിലധികം ഗസ്സക്കാർക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങളുടെ വിതരണം കഴിഞ്ഞ ആഴ്ച ഇസ്രായേൽ നിർത്തിവെച്ചതി​നു പിന്നാലെയാണ് വൈദ്യുതി കട്ട് ചെയ്തതത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ തീരുമാനം ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും വ്യക്തമായി അവഗണിച്ചുവെന്നും ഹമാസ് വക്താവ് ഹസീം ഖസ്സാം പറഞ്ഞു.

വെടിനിർത്തലിന്റെ ആദ്യഘട്ടത്തിന്റെ വിപുലീകരണം അംഗീകരിപ്പിക്കാൻ ഹമാസിനെ ഇസ്രായേൽ സമ്മർദ്ദത്തിലാഴ്ത്തുകയാണ്. ആദ്യഘട്ടം കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചു. ശാശ്വതമായ ഒരു വെടിനിർത്തൽ ചർച്ച നടത്താതെ ശേഷിക്കുന്ന ബന്ദികളിൽ പകുതി പേരെയും ഹമാസ് മോചിപ്പിക്കണമെന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. എന്നാൽ, വെടിനിർത്തലിന്റെ കൂടുതൽ ബുദ്ധിമുട്ടുള്ള രണ്ടാംഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ ഹമാസ് ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഗസ്സയിൽനിന്ന് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ഇസ്രായേൽ സേനയെ പിൻവലിക്കുകയും ശാശ്വത സമാധാനം സ്ഥാപിക്കാനാവുമെന്നും അവർ കരുതുന്നു. ഹമാസിന്റെ കൈവശം 24 ജീവനുള്ള ബന്ദികളും 35 പേരുടെ മൃതദേഹങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.

വൈദ്യുതി വിതരണം നിർത്തുന്നത് ബന്ദികളാക്കിയവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഹമാസ് തങ്ങളുടെ നിലപാടിൽ മാറ്റങ്ങളില്ലെന്നും ഈജിപ്ഷ്യൻ മധ്യസ്ഥരുമായുള്ള ആദ്യഘട്ട വെടിനിർത്തൽ ചർച്ച ഞായറാഴ്ച അവസാനിപ്പിച്ചതായും പറഞ്ഞു. ചർച്ചകൾ ‘മുന്നോട്ട് കൊണ്ടുപോകാൻ’ തിങ്കളാഴ്ച ഖത്തറിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.

എല്ലാ സഹായ വിതരണങ്ങളും നിർത്തിയപ്പോൾ അടുത്തത് വെള്ളവും വൈദ്യുതിയുമാകാമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സലേക്കുള്ള വൈദ്യുതി നിർത്തണമെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി ഇലക്ട്രിക് കോർപ്പറേഷന് അയച്ച കത്തിൽ നിർദേശം നൽകുകയായിരുന്നു. പ്രദേശവും അതിന്റെ അടിസ്ഥാന സൗകര്യങ്ങളും വലിയതോതിൽ നശിപ്പിക്കപ്പെട്ടു. ആശുപത്രികൾ ഉൾപ്പെടെയുള്ള മിക്ക സൗകര്യങ്ങളും ഇപ്പോൾ ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്.

കുടിവെള്ളത്തിലായുള്ള ‘ഡീസലൈനേഷൻ പ്ലാന്റ്’ മധ്യ ഗസ്സയിലെ ദെയ്ർ അൽ ബലാഹ് പ്രദേശത്തിന് പ്രതിദിനം 18,000 ക്യുബിക് മീറ്റർ വെള്ളം നൽകുന്നുതായി ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഇസ്രായേലി സംഘടനയായ ‘ഗിഷ’ പറഞ്ഞു. ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് പ്രതിദിനം ഏകദേശം 2,500 ക്യുബിക് മീറ്റർ വെള്ളം ഉത്പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടിവ് ഡയറക്ടർ ടാനിയ ഹാരി പറഞ്ഞു. ഇത് ഒരു ഒളിമ്പിക് നീന്തൽക്കുളത്തിലെ അളവാണ്. ഗസ്സയിലേക്കാകമാനം പര്യാപ്തമായതല്ല ഇത്. ഗസ്സയിലേക്ക് ഇന്ധനം പ്രവേശിക്കുന്നതിനുള്ള ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ വലിയ പ്രശ്നമുണ്ടാക്കുന്നുവെന്നും കുടിവെള്ള വിതരണ ട്രക്കുകൾക്ക് ഇന്ധനം ആവശ്യമുള്ളതിനാൽ ജലക്ഷാമം രൂക്ഷമാവുമെന്നും ഹാരി പറഞ്ഞു.

വിതരണം നിർത്തിവച്ചതിൽ ഇസ്രായേൽ നിശിത വിമർശനം നേരിടുകയാണ്. സിവിലിയന്മാരുടെ ജീവിതാവശ്യങ്ങൾക്കുള്ള പ്രവേശനം നിഷേധിക്കുന്നത് കൂട്ട ശിക്ഷക്ക് തുല്യമായേക്കുമെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് പ്രതികരിച്ചു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ ഇസ്രായേൽ ‘യുദ്ധമാർഗമായി പട്ടിണി’ ഉപയോഗിച്ചുവെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞിരുന്നു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസിലെ പ്രധാന പോയന്റാണ് ഈ ആരോപണം. മതിയായ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭക്ക് അത് വിതരണം ചെയ്യാൻ കഴിയാത്തതാണ് ക്ഷാമത്തിന് കാരണമെന്നും പറഞ്ഞുകൊണ്ട് ഇസ്രായേൽ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ഹമാസ് സഹായം പിൻവലിക്കുന്നതായും അവർ ആരോപിച്ചു.

ഗസ്സയിലേക്ക് സഹായം പുനഃരാരംഭിച്ചില്ലെങ്കിൽ നാലു ദിവസത്തിനുള്ളിൽ യെമനിൽ നിന്ന് ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരായ ആക്രമണം പുനഃരാരംഭിക്കുമെന്ന് യെമനിലെ ഇറാനിയൻ പിന്തുണയുള്ള ഹൂതി വിമതരുടെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ മുൻ ആക്രമണങ്ങളെ അവിടുത്തെ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യമായാണ് ഹൂതികൾ വിശേഷിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazadrinking waterelectricity cutIsrael-Palestine conflict
News Summary - Israel cuts off electricity supply to Gaza, affecting a desalination plant producing drinking water
Next Story