സമാധാനത്തിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെ ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
text_fieldsRepresentational Image/ Reuters
ഗസ്സ: വെടിനിർത്തലിനും ബന്ദിമോചനത്തിനുമുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെ ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം തുടർന്ന് ഇസ്രായേൽ സൈന്യം. ഗസ്സയിൽ ഖാൻ യൂനിസിൽ വിവിധയിടങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നൂർ ഷാംസ് അഭയാർഥി കാമ്പും ഇസ്രായേൽ ആക്രമിച്ചു.
കിഴക്കൻ ഖാൻ യൂനിസിലെ ബാനി സുഹൈല മുനിസിപ്പൽ മേഖലയിലും ഖാൻ യൂനിസിന്‍റെ കിഴക്കുപടിഞ്ഞാറൻ മേഖലയിലുമാണ് ഇസ്രായേൽ പുതിയ ആക്രമണം നടത്തിയത്. വെസ്റ്റ് ബാങ്കിലെ നൂർ ഷാംസ് അഭയാർഥി കാമ്പിലെ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹമാസുമായി ചർച്ചകൾ പുന:രാരംഭിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മേൽ രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും സമ്മർദമേറുകയാണ്. ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ മോചനത്തിനായി ചർച്ചകൾ തുടരണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബാംഗങ്ങൾ ശനിയാഴ്ച മാർച്ച് നടത്തി. മൂന്ന് ബന്ദികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ വേണമെന്ന് യു.കെയും ജർമനിയും ആവശ്യപ്പെട്ടിരിക്കുകയാണ്. യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോണാണ് ശാശ്വതമായ വെടിനിർത്തൽ എന്ന ആവശ്യം ഉന്നയിച്ചത്. ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിൽ കൂടുതൽ പേർ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബാർബോക്കുമായി ചേർന്ന് ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവനയും യു.കെ പുറപ്പെടുവിച്ചു. സ്പെയിൻ, അയർലൻഡ്, ബെൽജിയം, മാൾട്ട തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും വെടിനിർത്തൽ ആവശ്യമുന്നിയിച്ചിട്ടുണ്ട്.
ഹമാസിന്‍റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം ബിന്യമിൻ നെതന്യാഹു ഇന്നലെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ഗസ്സയിൽ ഇന്ന് സൈന്യം ആക്രമണം കടുപ്പിച്ചത്.
ബന്ദികളെ ജീവനോടെ തിരികെ വേണമെങ്കിൽ ഗസ്സക്കെതിരായ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണം അവസാനിപ്പിച്ചാലല്ലാതെ ബന്ദിമോചനത്തെക്കുറിച്ച് ഇനി ചർച്ച ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

