Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; മാധ്യമപ്രവർത്തകനടക്കം എട്ടുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; മാധ്യമപ്രവർത്തകനടക്കം എട്ടുപേർ കൊല്ലപ്പെട്ടു
cancel

ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ നിലനിൽക്കെ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ പ്രമുഖ ഫലസ്തീൻ മാധ്യമപ്രവർത്തകനടക്കം എട്ടുപേർ കൂടി കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകനായ മുഹമ്മദ് അബ്ദുൽ അസീസ് അൽ നജ്ജാറാണ് കൊല്ലപ്പെട്ടത്.

2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 263ാമത്തെ മാധ്യമപ്രവർത്തകനാണ് അൽ നജ്ജാർ എന്ന് ഗാസ ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

തെക്കുപടിഞ്ഞാറൻ ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ യാത്രാ വാനിനു നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 13പേരെ അൽഖുദ്സ് ആശുപത്രിയിലേക്ക് മാറ്റിയതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. വർഷങ്ങളായുള്ള ഉപരോധത്തിലും ആക്രമണങ്ങളിലും ഗാസയിലെ ആരോഗ്യ മേഖല പൂർണമായി തകർന്നതിനാൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കുക പ്രയാസകരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും അൽ ജസീറ റിപ്പോർട്ടർ ഹിന്ദ് ഖൂദരി വ്യക്തമാക്കുന്നു.

ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്ക് സമീപമുള്ള റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വഫ’റിപ്പോർട്ട് ചെയ്തു.

തെക്കൻ ഗസ്സയിൽ അഭയാർഥികൾ കഴിയുന്ന കേന്ദ്രത്തിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മധ്യ ഗാസയിലെ ദൈർ അൽ ബലാഹിന് തെക്കുകിഴക്കായി നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും ഇസ്രായേൽ ടാങ്ക് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതുപേരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ എട്ടുപേർ പുതിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരും ഒരാൾ മുൻപുണ്ടായ ആക്രമണത്തിലെ പരിക്കുകളെ തുടർന്ന് മരണപ്പെട്ടതുമാണ്.

ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷമുള്ള കാലയളവിൽ മാത്രം ഇതുവരെ 1,431 ഫലസ്തീനികൾ കൊല്ലപ്പെടുകയും 5,026 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 31 പേർക്കാണ് പരിക്കേറ്റത്. 2023 ഒക്ടോബർ മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 74,032 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,75,142 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel Continues Attacks in Gaza; 8 Killed Including Journalist
Next Story