Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെടിനിർത്തൽ...

വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ആക്രമണം തുടർന്ന് ഇസ്രായേൽ; തിരിച്ചടിച്ച് ഇറാൻ

text_fields
bookmark_border
വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ആക്രമണം തുടർന്ന് ഇസ്രായേൽ; തിരിച്ചടിച്ച് ഇറാൻ
cancel

തെഹ്റാൻ/തെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ചുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ഇറാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. തലസ്ഥാനമായ തെഹ്റാനിലും തന്ത്രപ്രധാന നഗരമായ ഇസ്ഫഹാനിലും കനത്ത വ്യോമാക്രമണം നടത്തിയെന്നും രാജ്യത്തെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുവെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പ്രഖ്യാപിച്ചു. മറുവശത്ത്, ഇറാനും പ്രത്യാക്രമണം കനപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ ഇറാൻ തുടർച്ചയായ മിസൈലാക്രമണം നടത്തി. നഗരത്തിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ച് കെട്ടിടം തകർന്നു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്രായേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലയിലും ഇറാൻ മിസൈൽ പതിച്ചു. തിങ്കളാഴ്ചയാണ് ട്രംപ്, ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ, ഹുർമുസ് ഇടനാഴി കപ്പൽ ഗതാഗതത്തിനായി 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, ഇറാനുമായി ചർച്ച നടക്കുന്ന പശ്ചാത്തലത്തിൽ താൽക്കാലികമായി വെടിനിർത്തുന്നുവെന്നാണ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ, ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ആക്രമണം തുടങ്ങിയത്.

24 മണിക്കൂറിനിടെ ഇറാനിലെ 206 കേന്ദ്രങ്ങളിലാണ് ഇസ്രായേൽ മിസൈലുകൾ വർഷിച്ചത്. രാജ്യത്തെ ഊർജ നിലയങ്ങൾ ആക്രമിച്ചുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടുവെങ്കിലും ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ലബനാനിലും അതിരൂക്ഷമായ ആക്രമണം ഇസ്രായേൽ നടത്തി. ഇവിടെ മരണം ആയിരം കവിഞ്ഞിട്ടുണ്ട്. ലബനാനിൽനിന്ന് ഹിസ്ബുല്ലയും ഇസ്രായേൽ ലക്ഷ്യമാക്കി മിസൈൽ തൊടുത്തു.

അതിനിടെ, കഴിഞ്ഞയാഴ്ച സഖ്യസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പകരക്കാരനായി മുഹമ്മദ് ബാഖിർ ദുൽഖദ്റിനെ നിയമിച്ചു. ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സിയുടെ കമാൻഡറാണ് ബാഖിർ. യു.എസ്-ഇറാൻ ചർച്ചയുമായി ബന്ധപ്പെട്ട് ട്രംപ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിലുള്ള അവ്യക്തത തുടരുകയാണ്. നേരിട്ടുള്ള ചർച്ച നടന്നിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം, പാകിസ്താൻ, തുർക്കിയ, ഒമാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ വഴി ചർച്ചക്കുള്ള വഴിതുറക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ട്. പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ഈയാഴ്ച തന്നെ ആദ്യഘട്ട ചർച്ച നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം ഇറാൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Attack on IranIsrael Iran War
News Summary - Israel continues attacks after ceasefire announcement; Iran retaliates
Next Story