ഗസ്സയിൽ ഇസ്രായേൽ 251 ദിവസത്തിനിടെ നടത്തിയത് 3,300ലേറെ ആക്രമണങ്ങൾ; വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമെന്ന് ഫലസ്തീൻ
text_fieldsഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന് 251 ദിവസത്തിനിടെ 3,300 ലേറെ തവണ ഇസ്രായേൽ കരാർ ലംഘിച്ചതായി ഫലസ്തീൻ. രാജ്യാന്തര മധ്യസ്ഥർക്ക് ഫലസ്തീൻ ഔദ്യോഗികമായി കൈമാറിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. പ്രമുഖ മാധ്യമമായ ഡ്രോപ്പ് സൈറ്റ് ന്യൂസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. 2025 ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 1,005 ഫലസ്തീനികൾ കൊല്ലപ്പെടുകയും 3,157 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരിൽ 238 കുട്ടികളും 111 സ്ത്രീകളും 30 വയോധികരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 1,570 പേരും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 13 തവണ ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതായും ഇതിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരിട്ടുള്ള വെടിവെയ്പ്പ്, വ്യോമാക്രമണങ്ങൾ, ഷെല്ലാക്രമണങ്ങൾ, സൈനിക അധിനിവേശം, വീടുകൾ തകർക്കൽ, സാധാരണക്കാരെ തടവിലാക്കൽ എന്നിവ വെടിനിർത്തൽ കരാറിന് ശേഷവും ഇസ്രായേൽ തുടരുകയാണ്. കരാർ പ്രകാരം പിന്മാറേണ്ട അതിർത്തി രേഖകൾ ലംഘിച്ച് 34 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇസ്രായേൽ സൈന്യം ഇപ്പോഴും കൈയടക്കി വെച്ചിരിക്കുകയാണ്. മേഖലയിലെ വൈദ്യുതി, കുടിവെള്ളം, മലിനജല പൈപ്പുകൾ എന്നിവയുടെ നിർമാണവും പുനരുദ്ധാരണവും ഇസ്രായേൽ തടയുകയാണെന്നും ഫലസ്തീൻ ആരോപിക്കുന്നു.
ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഇസ്രായേൽ ബോധപൂർവം തടയുകയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. കരാർ പ്രകാരം പ്രതിദിനം 50 ഇന്ധന ട്രക്കുകൾ ഉൾപ്പെടെ 600 സഹായ ട്രക്കുകൾ ഗസ്സയിൽ പ്രവേശിക്കേണ്ടതുണ്ട്. എന്നാൽ ഇതിന്റെ 36 ശതമാനം മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. ഇന്ധന ലഭ്യത വെറും 14.7 ശതമാനം മാത്രമാണ്. ഗസ്സയിലെ 77 ശതമാനം ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലക്ഷത്തോളം കുട്ടികളും 37,000 ഗർഭിണികളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. റഫ അതിർത്തി വഴിയുള്ള യാത്രയ്ക്കും ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

