ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങാൻ സാധ്യത; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്രായേൽ
text_fieldsജറുസലേം: ഗസ്സയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചന നൽകി റിസർവ് സൈന്യത്തെ വിളിച്ച് ഇസ്രായേൽ. ശനിയാഴ്ച മൂന്ന് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ യുദ്ധം തുടങ്ങുമെന്നാണ് ഇസ്രായേൽ ഭീഷണി. ഇതിനിടെയാണ് റിസർവ് സൈന്യത്തെ യുദ്ധം ചെയ്യാനായി ഇസ്രായേൽ വിളിച്ചിരിക്കുന്നത്.
യുദ്ധഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെതിരെ വീണ്ടും യുദ്ധം തുടങ്ങാനാണ് നെതന്യാഹു ആഹ്വാനം ചെയ്തത്. ശനിയാഴ്ചക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ തുറക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
മന്ത്രിസഭ യോഗശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
മുഴുവൻ ബന്ദികളെയും വിട്ടയക്കാത്ത പക്ഷം ഇസ്രായേൽ സമാധാന കരാർ റദ്ദാക്കണമെന്നും നരകം തുറക്കട്ടെയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രായേൽ വെടിനിർത്തൽ കരാർ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ബന്ദി മോചനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരുന്നവരെ ഇസ്രായേൽ സൈന്യം തടയുന്നുവെന്നും സഹായവസ്തുക്കൾ എത്താൻ അനുവദിക്കുന്നില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

