ഗസ്സ പിടിച്ചെടുക്കാൻ അനുമതി; 60,000 റിസർവ് സൈനികരെ വിളിച്ച് ഇസ്രായേൽ
text_fieldsജറൂസലം: 22 മാസം നീണ്ട അധിനിവേശം അവസാനിപ്പിച്ച് ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ പുരോഗമിക്കവെ ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ. ലക്ഷക്കണക്കിന് ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള സൈനിക നീക്കത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി ഇസ്രായേൽ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി 60,000 റിസർവ് സൈനികരെക്കൂടി വിളിപ്പിക്കും. നിലവിൽ സേവനത്തിലുള്ള 20,000 റിസർവ് സേനാംഗങ്ങൾക്ക് തുടരാൻ നിർദേശം നൽകും. ഇതുവരെയും ഇസ്രായേൽ കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയിൽ പൂർണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങൾ തകർക്കലുമടക്കം നടപ്പാക്കും. ഗസ്സ സിറ്റിയുടെ ഭാഗമായ സെയ്ത്തൂൻ, ജബാലിയ എന്നിവിടങ്ങളിൽ ഇതിനകം പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
ഹമാസിന്റെ ശക്തികേന്ദ്രവും ഭരണസിരാ കേന്ദ്രവുമായ ഗസ്സ സിറ്റിയിലെ വിശാലമായ തുരങ്കങ്ങൾക്കകത്താണ് ബന്ദികളെ പാർപ്പിച്ചതെന്ന് ഇസ്രായേൽ കരുതുന്നു. ഇവരുടെ കൊലപാതകത്തിൽകൂടി കലാശിക്കുന്നതാകും കരസേനാ നീക്കം.
ഗസ്സ സിറ്റിയിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുന്നതിനെതിരെ സൈന്യത്തിനകത്തുതന്നെ കടുത്ത എതിർപ്പുയർന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഇതിനെതിരാണ്.
ബന്ദി മോചനം ഉറപ്പാക്കി 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഹമാസ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. വെള്ളിയാഴ്ചക്കകം പ്രതികരിക്കാമെന്ന് ഇസ്രായേൽ അറിയിച്ചതിനിടെയാണ് പുതിയ പ്രഖ്യാപനം.
ഇസ്രായേൽ കുരുതി തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ ഭക്ഷണം കാത്തുനിന്ന 22 പേരടക്കം 56 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻ ഫലസ്തീൻ ദേശീയ ബാസ്കറ്റ് ബാൾ താരം മുഹമ്മദ് ഷാലാനും ഭക്ഷണം കാത്തുനിൽക്കെ സൈന്യം വെടിവെച്ചുകൊന്നവരിലുണ്ട്. ഖാൻ യൂനുസിലാണ് 40കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62,122 ആയി. പട്ടിണിമൂലം മൂന്നുപേർ കൂടി മരിച്ചു. ഇതോടെ പട്ടിണി മരണം 112 കുട്ടികളടക്കം 269 ആയി. വിമാനത്തിൽനിന്ന് താഴേക്കിട്ട ഭക്ഷണപ്പൊതി വീണ് ദക്ഷിണ ഗസ്സയിൽ വൃദ്ധനും മരിച്ചു. ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു.
അതിനിടെ, ഗസ്സയിൽ സൈനിക നീക്കം ശക്തമാക്കിയതോടെ അതിർത്തി വഴി പലായന സാധ്യത കണക്കിലെടുത്ത് ഈജിപ്ത് സീനായ് മരുഭൂമിയിൽ സൈനിക വിന്യാസം ശക്തിയാക്കി. വടക്കൻ സീനായിൽ 40,000 സൈനികരാണുള്ളത്.
മൈക്രോസോഫ്റ്റ്
ആസ്ഥാനത്തും പ്രതിഷേധം
ഫലസ്തീനികളെ കൂട്ടക്കുരുതി നടത്താൻ ഇസ്രായേൽ സൈന്യത്തെ സഹായിച്ച് മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ നൽകുന്നതിനെതിരെ കമ്പനി ആസ്ഥാനത്ത് പ്രതിഷേധവുമായി തൊഴിലാളികൾ. മൈക്രോസോഫ്റ്റിന്റെ അസൂർ സോഫ്റ്റ് വെയറാണ് നിരീക്ഷണത്തിനും ആക്രമണത്തിനും സഹായകമാകുന്നതെന്നാണ് ആക്ഷേപം. ‘‘തൊഴിലാളികളുടെ ഇൻതിഫാദയിൽ പങ്കാളികളാകൂ- വംശഹത്യ നടത്താൻ തൊഴിലെടുക്കില്ല’’- എന്ന ബാനറുയർത്തിയായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

