ഗസ്സയിലെ സ്കൂളിൽ ബോംബിട്ട് കുട്ടികളടക്കം 15 പേരെ കൊന്ന് ഇസ്രായേൽ
text_fieldsഗസ്സയിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിൽ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാൻ വരി നിൽക്കുന്ന കുട്ടികൾ (photo: Fatima Shbair /AP Photo)
ജറൂസലം: കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ഗുരുതര പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസുകൾ ബോംബിട്ട ഇസ്രായേൽ ഗസ്സയിൽ യു.എൻ സ്കൂളും ബോംബുവർഷത്തിൽ തകർത്തു. ജബലിയ അഭയാർഥി ക്യാമ്പിലെ അൽഫഖൂറ സ്കൂളിനുനേരെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ തീതുപ്പിയത്.
ആയിരങ്ങൾ അഭയംതേടിയതായിരുന്നു സ്കൂൾ. 20 പേരുടെ മരണം സ്ഥിരീകരിച്ച സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വടക്കൻ ഗസ്സയിലെ അൽസഫ്താവിയിൽ മറ്റൊരു സ്കൂൾ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് തുടർച്ചയായ രണ്ടാം ആക്രമണം. ഗസ്സയിലെ അൽഅസ്ഹർ സർവകലാശാലക്കുനേരെയും ശനിയാഴ്ച ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. ഇവിടെ എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. നേരത്തെ ഗസ്സ ഇസ് ലാമിക് സർവകലാശാലയും അൽഅഖ്സ സർവകലാശാലയും ആക്രമിക്കപ്പെട്ടിരുന്നു. യു.എന്നിനു കീഴിലെ 50ഓളം കെട്ടിടങ്ങൾക്കുനേരെ ഇതിനകം ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ ഗസ്സയിൽ മാത്രം 112,000 പേർ അഭയം തേടിയ 25 കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച അൽശിഫ ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസുകൾ ആക്രമിച്ച സംഭവത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. റഫ അതിർത്തിവഴി ഈജിപ്തിൽ ചികിത്സക്കായി കൊണ്ടുപോയവരോടായിരുന്നു ഇസ്രായേൽ ക്രൂരത. 5000ലേറെ രോഗികളും പതിനായിരക്കണക്കിന് അഭയാർഥികളുമായി 40,000 പേർ തിങ്ങിനിറഞ്ഞുനിൽക്കുന്നതാണ് അൽശിഫ ആശുപത്രി. സമാനമായി, അൽവഫ ആശുപത്രിയുടെ വൈദ്യുതി ജനറേറ്റർ ഇസ്രായേൽ ആക്രമണത്തിൽ തകർത്തു. ഇതേ ആശുപത്രിയുടെ സോളാർ പാനലുകളും ബോംബിങ്ങിൽ ചാരമാക്കിയിരുന്നു. ഇതോടെ, ആശുപത്രിയിൽ ഏറെനേരം വൈദ്യുതി പൂർണമായി മുടങ്ങി. ശനിയാഴ്ച മാത്രം ഗസ്സയിൽ രണ്ട് മസ്ജിദുകൾ കൂടി ഇസ്രായേൽ തകർത്തു. അൽസബ്റയിലെ അലി ബിൻ അബീതാലിബ് മസ്ജിദ്, അൽഇസ്തിജാബ മസ്ജിദ് എന്നിവയാണ് ബോംബിങ്ങിൽ ചാരമാക്കപ്പെട്ടത്.
ആക്രമണം ശക്തമാക്കുകയും കരസേന വളയുകയും ചെയ്ത വടക്കൻ ഗസ്സയിൽനിന്ന് ഇതിനകം എട്ടു മുതൽ 10 ലക്ഷം വരെ പേർ തെക്കൻ ഗസ്സയിലേക്ക് മാറിയതായി യു.എൻ വക്താവ് ഡേവിഡ് ഷാട്ടർഫീൽഡ് വ്യക്തമാക്കി. മൂന്നര മുതൽ നാലു ലക്ഷംവരെ പേർ ഇപ്പോഴും വടക്കൻ മേഖലയിൽ തുടരുന്നുണ്ട്. ഇവർക്ക് ഒഴിയാനായി ശനിയാഴ്ച പകൽ 11നും രണ്ടിനുമിടയിൽ സമയം അനുവദിച്ചിരുന്നു. ഇരുമേഖലകളെയും ബന്ധിപ്പിക്കുന്ന സലാഹുദ്ദീൻ റോഡ് ഇതിനായി തുറന്നുനൽകുമെന്നുമായിരുന്നു ഇസ്രായേൽ അറിയിപ്പ്. അറിയിപ്പ് ലഭിച്ച് നാടുവിട്ടവർക്കുനേരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ട് തെരുവുകളിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു.
24 മണിക്കൂറിനിടെ 231 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം മരണസംഖ്യ ഇതോടെ 3900 കുട്ടികളും 2500 സ്ത്രീകളുമടക്കം 9488 ആയി ഉയർന്നു. 2200 പെരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഓരോ നാലു മിനിറ്റിലും ഒരു ഫലസ്തീനി കൊല്ലപ്പെടുന്നതായി മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

