വെടിനിർത്തൽ ചർച്ചക്കിടയിലും അഭയാർഥികൾ കഴിയുന്ന സ്‌കൂളിൽ വീണ്ടും ബോംബിട്ട് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ബലം പ്രയോഗിച്ച് കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകിയ ഗസ്സ സിറ്റിയിലെ സലാഹ് അൽ-ദിൻ സ്‌കൂളിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികളെ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗസ്സയിൽ ഉടനീളം 26 ഫലസ്തീനികളെ ഇസ്രായേൽകൊലപ്പെടുത്തിയതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗസ്സയിലെ ഇസ്രായേൽ ഉപരോധം 100 ദിവസം പിന്നിട്ടപ്പോഴാണ് ഏറ്റവും പുതിയ ആക്രമണങ്ങൾ. ആക്രമണം പുനഃരാരംഭിച്ചതിനുശേഷം 5,000 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ യു.എസ് പ്രസിന്റ് ജോ ബൈഡൻ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ 2023 ഒക്‌ടോബർ 7 മുതൽ കുറഞ്ഞത് 46,584 ഫലസ്തീനികൾ കൊല്ലപ്പെടുകയും 109,731 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ കരാറിലെത്താൻ ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പുരോഗതി കാണുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
100 ദിവസത്തെ ഉപരോധത്തിന് ശേഷം സങ്കൽപ്പിക്കാനാവാത്ത ദുരിതത്തിലാണ് വടക്കൻ ഗസ്സയിലെ ഫലസ്തീനികൾ എന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ ഫലസ്തീനിലെ കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഷൈന ലോ പറയുന്നു. അവിടെ വെള്ളവും ഭക്ഷണവും നന്നേ കുറവാണ്. ഒപ്പം സഹായം നിഷേധിക്കപ്പെടുന്നുവെന്നും ലോ പറഞ്ഞു.
ഗസ്സ സിറ്റി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എണ്ണമറ്റ പുരുഷന്മാരെയും ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്തുതരം ഭാവിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന ഭയത്തിലാണവരെന്നും ലോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

