ഗസ്സ സിറ്റിയിൽ ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം; ജനങ്ങളെ നിർബന്ധിച്ച് ഒഴിപ്പിക്കുന്നു
text_fieldsFile Photo
ഗസ്സ സിറ്റി: ആയിരങ്ങളെ വീണ്ടും അഭയാർഥികളാക്കി ഗസ്സ സിറ്റിയിൽ ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം. നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം കനപ്പിച്ചത്. ഗസ്സ സിറ്റിയുടെ കിഴക്ക് ഭാഗം കേന്ദ്രീകരിച്ച് 50 ആക്രമണങ്ങൾ ഇസ്രായേൽ സൈന്യം നടത്തിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ഗസ്സ സിറ്റി കേന്ദ്രീകരിച്ച് ഇസ്രായേൽ ആക്രമണം വ്യാപകമാക്കിയിരുന്നു. ഖാൻ യൂനിസിലും ആക്രമണമുണ്ട്. ഇവിടെ ഇന്നുണ്ടായ വെടിവെപ്പിൽ നാല് ഫലസ്തീനികളെ കൊലപ്പെടുത്തി.
വടക്കൻ ഗസ്സയിൽനിന്നും മധ്യ ഗസ്സയിൽനിന്നും വീടുവിട്ടുപോകാൻ ഞായറാഴ്ച സമൂഹ മാധ്യമം വഴി ഐ.ഡി.എഫ് ഫലസ്തീനികൾക്ക് അന്ത്യശാസനം നൽകിയിരുന്നു. മറ്റൊരു കൂട്ടക്കുരുതിക്ക് മുമ്പുള്ള മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്.
പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പ് സമ്പൂർണമായി ഒഴിയണമെന്നാണ് ഭീഷണി. ഗസ്സ സിറ്റിയിലെ മിക്ക ഭാഗങ്ങളും വിടണം. ഇരു മേഖലകളിലും സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കൻ ഗസ്സയിലെ അൽമവാസിയിലേക്ക് നാടുവിടണമെന്നുമാണ് അന്ത്യശാസനം.
ഒരു ഘട്ടത്തിൽ പൂർണമായി ഒഴിപ്പിക്കപ്പെട്ട മേഖലകളാണ് വടക്കൻ ഗസ്സയും മധ്യ ഗസ്സയും. ഈ വർഷാദ്യം നിലവിൽവന്ന വെടിനിർത്തലിനെ തുടർന്നാണ് ലക്ഷക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയത്. ഇവരെയാണ് വീണ്ടും കൂട്ടമായി കുടിയൊഴിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

