മധ്യസ്ഥ ചർച്ചകൾ പരാജയം; ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ
text_fieldsഗസ്സസിറ്റി: ഗസ്സയിലെ കൂട്ടക്കൊല ഇസ്രായേൽ അവസാനിക്കാത്ത പക്ഷം ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഖത്തറിന്റെ മധ്യസ്ഥത്തിൽ ശനിയാഴ്ച നടന്ന അനുരഞ്ജന ചർച്ചയിൽ നിന്ന് ഇസ്രായേൽ പിൻമാറിയിരുന്നു.
ഗസ്സയിലെ അഭയാർഥി ക്യാമ്പുകളെയും അവശേഷിക്കുന്ന ആശുപത്രികളെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ബോംബാക്രമണം പുനരാരംഭിച്ചത്. ഗസ്സയിൽ ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം തുടങ്ങിയതു മുതൽ ഇതുവരെ 15,207 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ 1200 പേരും.
ഐൻ അൽ സുൽത്താൻ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അഭയാർഥി ക്യാമ്പിന്റെ തെരുവുകളിലൂടെ നിരവധി ഇസ്രായേൽ സൈനിക വാഹ്നങ്ങൾ കറങ്ങിനടക്കുന്നത് കാണാം. സൈന്യം വീടുകളിൽ നിരന്തരം റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം 21 വയസുള്ള ഫലസ്തീനി യുവാവ് വെടിയേറ്റു മരിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഒക്ടോബർ ഏഴുമുതൽ നിരന്തരം റെയ്ഡ് നടക്കുന്നുണ്ട്. ഇതുവരെയായി 254 ഫലസ്തീനികളാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്.
അതിനിടെ തെക്കൻ ഗസ്സയിലെ ഖാൻ യുനിസിലെ ചില പ്രദേശങ്ങളിൽ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. സിവിലിയൻമാർ കൊല്ലപ്പെടാതിരിക്കാൻ വേണ്ടിയാണിതെന്നാണ് ഇസ്രായേൽ വാദം.
വെള്ളിയാഴ്ച മുതൽ ആയിരക്കണക്കിന് അക്കങ്ങളുള്ള ബ്ലോക്കുകളായി തിരിച്ചിരിക്കുന്ന ഗാസയുടെ ഭൂപടം കാണിക്കുന്ന ലഘുലേഖകൾ ഇസ്രായേൽ സൈന്യം അവിടവിയൊയി ഇടാൻ തുടങ്ങി. ഓരോ പേപ്പറിനും മാപ്പിലേക്ക് ലിങ്ക് ചെയ്യുന്ന ഒരു ക്യുആർ കോഡ് ഉണ്ട്. താമസക്കാരോട് കോഡ് സ്കാൻ ചെയ്യാനും അവരുടെ പ്രദേശം തിരിച്ചറിയാനും ആവശ്യപ്പെടുന്നു. അവർ അവരുടെ വീടിന്റെ മേഖലയെ ലക്ഷ്യം വച്ചാൽ ഇസ്രായേലി സൈന്യത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ കഴിയും. ഇസ്രായേലിന്റെ ആക്രമണത്തിൽ ഇന്റർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാൽ ഇത് കൃത്യമായി ചെയ്യാൻ ഫലസ്തീനികൾക്ക് സാധിക്കുന്നുമില്ല. ഇസ്രായേൽ തകർത്തെറിഞ്ഞ വടക്കൻ ഗസ്സയിൽ നിന്ന് അഭയം തേടി തെക്കൻ ഗസ്സയിലെത്തിയവർ ഇനിയെങ്ങോട്ടു പോകുമെന്ന ചോദ്യങ്ങളും ബാക്കിയാണ്. തെക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 30 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

