നെതന്യാഹു- ട്രംപ് ചർച്ചക്കിടെ കുരുതി തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 105 പേർ
text_fieldsഗസ്സ സിറ്റി: വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഗസ്സ വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ ഭക്ഷണ കേന്ദ്രത്തിലെത്തിയ എട്ടു പേരടക്കം 106 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. റഫയിലെ സഹായകേന്ദ്രത്തിലെത്തിയ ഫലസ്തീനികൾക്കു നേരെയാണ് ഇസ്രായേൽ സൈന്യം ക്രൂരമായി വെടിവെപ്പ് നടത്തിയത്.
ഗതാഗത മാർഗങ്ങൾ പൂർണമായി തകർക്കപ്പെട്ടതിനാൽ ഏറെദൂരം നടന്നെത്തുന്നവർക്കുനേരെയാണ് ഇസ്രായേൽ സൈന്യം വെടിവെപ്പ് പതിവാക്കിയത്. ആഴ്ചകൾക്കിടെ ഭക്ഷ്യകേന്ദ്രങ്ങളിലെത്തിയ 770ലേറെ പേരാണ് നിർദയം കൊലചെയ്യപ്പെട്ടത്. അതിനിടെ, ഗസ്സ സിറ്റിയിലുണ്ടായിരുന്ന ഏക ഭക്ഷ്യകേന്ദ്രവും ഇസ്രായേൽ അടച്ചുപൂട്ടി.
മറ്റു മാർഗങ്ങൾ നേരത്തേ അവസാനിപ്പിച്ചതിനാൽ ഗസ്സയിലെ ലക്ഷങ്ങൾക്ക് ഭക്ഷണം ലഭിക്കാൻ തെക്കൻ ഗസ്സയിലെ മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് ഏക ആശ്രയം. മധ്യ, വടക്കൻ ഗസ്സകൾ പൂർണമായി ജനവാസമുക്തമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ആറുലക്ഷം ഫലസ്തീനികൾക്കായി റഫയിൽ ‘ഹ്യുമാനിറ്റേറിയൻ സിറ്റി’ സ്ഥാപിക്കുമെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞിരുന്നു.
അതേസമയം, അമേരിക്കയിലെത്തിയ നെതന്യാഹു രണ്ടുവട്ടം ട്രംപുമായി ചർച്ച നടത്തിയതിനിടെ ഗസ്സ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി സൂചന. ഖത്തറിൽ ഇസ്രായേൽ- ഹമാസ് പ്രതിനിധികളും മധ്യസ്ഥരും തമ്മിലെ ചർച്ചകളിലാണ് ധാരണയാകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

