വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നരനായാട്ട്; ഖൽഖീലിയയിൽ ഇരച്ചെത്തിയ സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു
text_fieldsഗസ്സയിൽ നിന്ന് പിടികൂടിയവരെ വിവസ്ത്രരാക്കി കൈകാലുകൾ ബന്ധിച്ച് കണ്ണുകെട്ടി ജയിലിലേക്ക് മാറ്റുന്നു
വെസ്റ്റ്ബാങ്ക്: ഗസ്സക്ക് പിന്നാലെ യുദ്ധമുഖം വെസ്റ്റ്ബാങ്കിലേക്കു കൂടി വ്യാപിപ്പിച്ച് ഇസ്രായേൽ. ഖൽഖീലിയയിൽ ഇരച്ചെത്തിയ ഇസ്രായേലി സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു. ജെനിൽ അഭയാർഥി ക്യാമ്പിൽ പരിശോധന നടത്തി നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു. യുവാക്കളെ വിവസ്ത്രരാക്കി കൈകാലുകൾ ബന്ധിച്ച് കണ്ണുകെട്ടി തുറന്ന വാഹനത്തിൽ ജയിലിലേക്ക് മാറ്റുന്ന ചിത്രങ്ങൾ പുറത്തുവന്നു.
യുദ്ധം തുടങ്ങിയശേഷം ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരുടെ എണ്ണം 8600 ആയി. ഇസ്രായേലി ജയിലുകളിലെ ഫലസ്തീനി തടവുകാരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായതായി ‘ഹാരെറ്റ്സ്’ പത്രം റിപ്പോർട്ട് ചെയ്തു.
അഞ്ച് സൈനിക ബ്രിഗേഡുകളെ പിൻവലിച്ചെങ്കിലും മധ്യഗസ്സയിൽ വ്യോമാക്രമണം കനപ്പിച്ചു. 24 മണിക്കൂറിനിടെ 200ലധികം പേർ കൊല്ലപ്പെട്ടു. ആകെ മരിച്ചവരുടെ എണ്ണം 22,185 ആയി. 57,000 പേർക്ക് പരിക്കുണ്ട്. ഖാൻ യൂനുസിലെ ഫലസ്തീൻ റെഡ് ക്രസന്റ് ആസ്ഥാനം ചൊവ്വാഴ്ച വൈകീട്ട് ബോംബിട്ട് തകർത്തു. നിരവധി പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
കരസേനയെ ലക്ഷ്യമിട്ട് അൽഖസ്സാം ബ്രിഗേഡ് കടുത്ത ചെറുത്തുനിൽപ് തുടരുകയാണ്. 24 മണിക്കൂറിനിടെ 31 സൈനികർക്ക് പരിക്കേറ്റതായും ഇവരെ ഹെലികോപ്ടറുകളിൽ ആശുപത്രിയിലേക്ക് മാറ്റിയതായും ഇസ്രായേൽ സേന അറിയിച്ചു. ഗസ്സയിൽ ഇതുവരെ 8000 ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 321 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിൽനിന്ന് ഇസ്രായേൽ സേനയെ ലക്ഷ്യമിട്ട് അഞ്ച് മിസൈലാക്രമണം നടന്നു.
ലബനാനിൽനിന്ന് രണ്ട് മിസൈലുകൾ ഇസ്രായേൽ അതിർത്തിയിലെ ഷലോമി നഗരത്തിൽ പതിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തി. വംശഹത്യ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഇസ്രായേൽ തീരുമാനിച്ചു.
ഗസ്സക്ക് 90 ടൺ സഹായവസ്തുക്കളുമായി ബ്രിട്ടനിൽനിന്ന് കപ്പൽ ഈജിപ്ത് തീരത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

