ലെബനാനിൽ നിന്ന് 'വൻ ആക്രമണമെന്ന്' മുന്നറിയിപ്പ് നൽകി ഇസ്രായേൽ; തെറ്റുപറ്റിയെന്ന് പിന്നീട് തിരുത്ത്
text_fieldsതെൽ അവിവ്: ലെബനാനിൽ ഇന്ന് ഇസ്രായേൽ വ്യോമമേഖലയിലേക്ക് കടന്നുകയറ്റമുണ്ടായതായും ആക്രമണ സാധ്യതയുണ്ടെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ സൈന്യം. വടക്കൻ നഗരങ്ങളായ ബെയ്ത് ഷീൻ, സഫേദ്, തിബെരിയാസ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള നിർദേശവും നൽകി. നിരവധി ടൗണുകളിൽ വ്യോമാക്രമണ മുന്നറിയിപ്പിന്‍റെ സൈറണുകളും മുഴങ്ങി. എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും ആക്രമണ സാധ്യതയില്ലെന്നും വിശദീകരിച്ചുകൊണ്ട് സൈന്യം പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു.
വൻതോതിലുള്ള ആക്രമണ സാധ്യതയെന്നാണ് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ ജനം ഭയചകിതരമായി. ലെബനാനിലെ ഹിസ്ബുല്ലയും ഇസ്രായേലും ഏറ്റുമുട്ടൽ നിലനിൽക്കെയാണ് സൈന്യത്തിന്‍റെ മുന്നറിയിപ്പുണ്ടായത്.
എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും ലെബനാൻ അതിർത്തിയിൽ നിന്ന് വൻതോതിലുള്ള ആക്രമണത്തിന് സാധ്യതയില്ലെന്നും ഇസ്രായേൽ സൈന്യം പിന്നീട് വിശദീകരിച്ചു. മുന്നറിയിപ്പ് പിൻവലിക്കുകയും ചെയ്തു. തെറ്റുപറ്റിയത് പരിശോധിക്കുകയാണ്. സാങ്കേതിക തകരാറാണോ മാനുഷിക തകരാറാണോയെന്ന് പരിശോധിക്കും -സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് ലബനാനിലെ ഹിസ്ബുല്ലയിൽ നിന്നുകൂടി ഇസ്രായേൽ ആക്രമണം നേരിട്ടത്. തുടർന്ന് ലെബനാൻ അതിർത്തികളിലും സൈന്യത്തെ വിന്യസിച്ചു. ഹിസ്ബുല്ല ആക്രമണത്തിൽ സൈനിക കമാൻഡർ കൊല്ലപ്പെട്ടതായും തിരിച്ചടിയിൽ മൂന്ന് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

