ഗസ്സയിൽ നിർത്തിയപ്പോൾ വെസ്റ്റ് ബാങ്കിൽ കടുപ്പിച്ച് ഇസ്രായേൽ; ഗസ്സയിൽ മൃതദേഹങ്ങൾക്കായി പരക്കംപാച്ചിൽ
text_fieldsവെസ്റ്റ് ബാങ്ക്: ഗസ്സയിലെ വെടിനിർത്തലിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. വെസ്റ്റ് ബാങ്കിലേക്ക് മാറ്റിയിരിക്കുന്ന ബഹുമുഖ യുദ്ധത്തിൽ ജെനിനിൽ ഓപ്പറേഷൻ പരമ്പര നടത്തുമെന്ന് ഇസ്രായേലിന്റെ സൈനിക, രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വൻ സൈനിക നടപടി ആരംഭിച്ചതോടെ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീൻ കുടുംബങ്ങൾ ജെനിൻ വിട്ടുപോവാൻ തുടങ്ങി. സ്യൂട്ട്കേസുകളും വളർത്തുമൃഗങ്ങളും മറ്റ് സാധനങ്ങളും വഹിച്ചാണ് ഇവർ നാടു വിടുന്നത്.
സൈന്യം കെട്ടിടങ്ങളും റോഡുകളും ബുൾഡോസർ വെച്ച് നശിപ്പിക്കുന്നതിന്റെയും
ഫലസ്തീനികളെ തട്ടിക്കൊണ്ടുപോവുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്ക് തീയിട്ടു. ജെനിൻ ഗവൺമെന്റ് ആശുപത്രിയുടെ പരിസരത്ത് സൈന്യം തമ്പടിച്ചതായും രോഗികളെയടക്കം മാറ്റുന്നുവെന്നും സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും ആശുപത്രി ഡയറക്ടർ വിസ്സാം ബക്ക്ർ അറിയിച്ചു.
ഗസ്സ മുനമ്പിൽ ദുർബലമായ വെടിനിർത്തൽ കരാർ ഉണ്ടായതിനുശേഷമുള്ള ദിവസങ്ങളിൽ ജെനിൻ ഗവർണറേറ്റിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ അഞ്ചു ദിവസം പിന്നിട്ടപ്പോൾ 15 മാസത്തെ യുദ്ധത്തിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി ഫലസ്തീനികൾ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിലൂടെ പരക്കം പായുകയാണ്. കഴിഞ്ഞ ദിവസം 120 ലധികം മൃതദേഹങ്ങൾ വീണ്ടെടുത്ത് ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്ക് കൊണ്ടുവന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ മൊത്തം ഫലസ്തീനികളുടെ മരണസംഖ്യ 47,000 കവിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടയിലും തെക്കൻ ഗസ്സയിലെ വീടിനടുത്ത് രണ്ട് ഫലസ്തീൻ സഹോദരന്മാരും ഇസ്രായേലി ടാങ്ക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ യുദ്ധം കുട്ടികളെ വിനാശകരമായി ബാധിച്ചതായി യു.എൻ മാനുഷിക മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. കുട്ടികൾ കൊല്ലപ്പെടുകയും പട്ടിണികിടക്കുകയും മരവിപ്പിക്കപ്പെടുകയും അവരെ കുടുംബങ്ങളിൽ നിന്ന് വേർപ്പെടുത്തുകയും അനാഥരാക്കുകയും ചെയ്തു. ചിലർ ആദ്യ ശ്വാസത്തിനും മുമ്പേ മരിച്ചപ്പോൾ ചിലർ പ്രസവാനന്തരം അമ്മമാരോടൊപ്പം ജീവൻ വെടിഞ്ഞതായി പറഞ്ഞു. ഒരു തലമുറക്കേറ്റ ആഘാതമാണിതെന്നും യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ടോം ഫ്ലെച്ചർ പറഞ്ഞു. ഗസ്സയിലെ പത്തു ലക്ഷം കുട്ടികൾക്ക് വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ എന്നീ പ്രശ്നങ്ങൾ തരണം ചെയ്യാൻ മാനസികവും സാമൂഹികവുമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
17,000ലധികം കുട്ടികൾ അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 150,000ത്തോളം ഗർഭിണികളും പുതിയ അമ്മമാരും ആരോഗ്യ സേവനങ്ങളുടെ അടിയന്തര ആവശ്യകതയിലാണെന്നും ഫ്ലെച്ചർ പറഞ്ഞു.
യുദ്ധത്തിൽ തകർന്നടിഞ്ഞ പ്രദേശത്തേക്ക് ഭക്ഷണ വിതരണം വർധിപ്പിക്കാൻ മാനുഷിക സഹായ ഗ്രൂപ്പുകൾ പ്രവർത്തന നിരതമാണ്. വെടിനിർത്തലിനു ശേഷം ആദ്യമായി യു.എൻ മാനുഷിക വിഭാഗം ഏഴു ട്രക്ക് ഇന്ധനം വടക്കൻ ഗസ്സയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ട്. ഗസ്സ സിറ്റിയിലെ 20 ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്ത ഇന്ധനം ഒരാഴ്ചത്തേക്കുള്ള പ്രവർത്തനത്തിന് പര്യാപ്തമാണ്.
വെടിനിർത്തലിനുശേഷം ഗസ്സയിലേക്ക് പ്രവേശിക്കുന്ന ഭൂരിഭാഗം ട്രക്കുകളും ഭക്ഷണമാണ് വഹിക്കുന്നത്. കൂടുതൽ മരുന്ന്, അഭയ സാമഗ്രികൾ, വെള്ളം, ശുചിത്വ സാമഗ്രികൾ എന്നിവ വരും ദിവസങ്ങളിൽ കൊണ്ടുപോവുമെന്ന് കരുതുന്നു. ‘യുനിസെഫ്’ തെക്കൻ ഗസ്സയിലുടനീളം ഉയർന്ന ഊർജമുള്ള ബിസ്‌ക്കറ്റുകളും ഉപയോഗ സജ്ജമായ ഭക്ഷണവും നൽകി വരുന്നു. ആയിരക്കണക്കിന് ശിശുക്കൾക്കുളള ആവശ്യം മുൻനിർത്തിയാണിത്. ബുധനാഴ്ച, തെക്കൻ ഗസ്സയിലെ 14 ആശുപത്രികൾക്ക് ട്രോമ മാനേജ്‌മെന്റിനുള്ള മെഡിക്കൽ ഇനങ്ങളും കിറ്റുകളും വിതരണം ചെയ്തു.
ഗസ്സയിലെ എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലും ഇപ്പോൾ സഹായം ലഭിക്കുന്നുണ്ടെന്ന് യു.എൻ എന്നറിയപ്പെടുന്ന മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫിസ് ( ഒ.സി.എച്ച്.എ) റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് വ്യാഴാഴ്ച കുറഞ്ഞത് 653 സഹായ ട്രക്കുകളെങ്കിലും ഗസ്സയിൽ പ്രവേശിച്ചു. സർക്കാരിതര സംഘടനകൾ, മറ്റ് രാജ്യങ്ങൾ, സ്വകാര്യ മേഖല എന്നിവ വഴിയാണ് യു.എൻ സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

