വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിർദേശത്തിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം
text_fieldsതെൽ അവീവ്: ഫലസ്തീനികൾക്ക് ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്തപക്ഷം വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങൾ സ്വന്തം സ്ഥലമായി രജിസ്റ്റർ ചെയ്യാനുള്ള ഇസ്രായേലിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെസലേൽ സ്മോട്രിച്ച്, യാരിവ് ലെവിൻ, ഇസ്രായേൽ കാറ്റ്സ് എന്നിവർ അവതരിപ്പിച്ച പ്രമേയമാണ് സഭ അംഗീകരിച്ചത്. ‘നമ്മുടെ എല്ലാ ഭൂമിയും നിയന്ത്രിക്കാനുള്ള കുടിയേറ്റ വിപ്ലവത്തിന്റെ തുടർച്ചയാണിതെന്ന്’ ധനകാര്യമന്ത്രി സ്മോട്രിച്ച് പറഞ്ഞു.
എന്നാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമികളെ ‘സ്റ്റേറ്റ് ലാൻഡ്സ്’ (സർക്കാർ ഭൂമി) എന്ന് മുദ്രകുത്തി രജിസ്റ്റർ ചെയ്യുന്നതിലൂടെ വെസ്റ്റ് ബാങ്കിനെ ജൂതവൽകരിക്കാനും മോഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഹമാസ് പറഞ്ഞു. ഇത്തരം നീക്കത്തിലൂടെ അന്താരാഷ്ട്ര നിയമത്തെയും യു.എൻ പ്രമേയങ്ങളെയും ഇസ്രായേൽ ലംഘിക്കുകയാണെന്നും ഹമാസ് കൂട്ടിച്ചേർത്തു. 1967 ന് അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് വെസ്റ്റ് ബാങ്കിനെ തങ്ങളുടെ ഭൂപ്രദേശത്തേക്ക് ഔദ്യോഗികമായി കൂട്ടിച്ചേർക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത്. നിലവിൽ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാർക്ക് വ്യാപകമായി അംഗീകാരം നൽകുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ അവകാശവാദം.
ഇസ്രായേലിന്റെ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് ഹമാസും ഫലസ്തീൻ അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തെ അറബ് രാഷ്ട്രങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നിയമവിരുദ്ധ നീക്കങ്ങളുടെ തുടർച്ചയാണ് ഇസ്രായേൽ നിലപാടെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി. 1967ലെ അതിർത്തികൾ അടിസ്ഥാനപ്പെടുത്തിയുള്ള ദ്വിരാഷ്ട്ര പദ്ധതിയിൽ രാജ്യം ഉറച്ചു നിൽക്കുന്നതായും ഖത്തർ വ്യക്തമാക്കി. ഇസ്രായേലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

