ഫലസ്തീനെ അംഗീകരിക്കുമെന്ന ഫ്രഞ്ച് നിലപാടിനെതിരെ ഇസ്രായേലും യു.എസും
text_fieldsതെൽഅവീവ്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘‘ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രഖ്യാപനം അപലപനീയമാണ്. അത് തീവ്രവാദത്തിന് വളമാകും. ഇസ്രായേലിന്റെ നിലനിൽപ് ഭീഷണിയിലാകും. ഇറാന്റെ മറ്റൊരു പ്രോക്സികൾക്ക് വഴിയൊരുക്കലാകും അത്. ഫലസ്തീനികൾ ഇസ്രായേലിനോടൊപ്പമുള്ള ഒരു രാജ്യം ആഗ്രഹിക്കുന്നില്ല. അവർക്ക് വേണ്ടത് ഇസ്രായേലിനുപകരം ഒരു രാഷ്ട്രമാണ്.’’ -നെതന്യാഹു പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രഖ്യാപനം തള്ളുന്നുവെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. ‘മാക്രോണിന്റെ പ്രഖ്യാപനം സമാധാനത്തിന് തിരിച്ചടിയാണ്. ഹമാസ് പ്രോപഗണ്ടക്കാണ് ഇത് സഹായകമാവുക. ഒക്ടോബർ ഏഴിലെ അക്രമത്തിന്റെ ഇരകളുടെ മുഖത്തേറ്റ അടിയാണിത്’. -റൂബിയോ കൂട്ടിച്ചേർത്തു.
ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോവുകയാണെന്നും സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പ്രഖ്യാപനം നടത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ ഇസ്രായേൽ പട്ടിണിക്കിട്ടും ആക്രമിച്ചും കൊലപ്പെടുത്തുന്നതിൽ ആഗോളതലത്തിൽ രോഷം ഉയരുന്നതിനിടെയാണ് മാക്രോണിന്റെ പ്രഖ്യാപനം. ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. വിവിധ രാഷ്ട്രനേതാക്കളും കഴിഞ്ഞ ദിവസം പ്രതികരിച്ചു.
മാനുഷിക സഹായം തടയുന്ന ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. ഗസ്സയിലേത് മാനുഷിക ദുരന്തമാണെന്നും നിരപരാധികളുടെ ജീവൻ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
ബ്രിട്ടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കൾ ശബ്ദമുയർത്തി. യൂറോപ്യൻ യൂനിയൻ ഇസ്രായേലിനെ ഉപരോധിക്കുന്നത് ചർച്ചയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

