ഇസ്രായേലും ഇറാനും പരസ്പരം ആക്രമിക്കില്ലെന്ന് റഷ്യൻ മധ്യസ്ഥൻ വഴി രഹസ്യ ഉറപ്പുനൽകിയിരുന്നുവെന്ന് റിപ്പോർട്ട്
text_fieldsമോസ്കോ: ആക്രമണങ്ങൾ നടത്തില്ലെന്ന് ഇസ്രായേലും ഇറാനും ഒരു റഷ്യൻ മധ്യസ്ഥൻ വഴി രഹസ്യ ഉറപ്പുകൾ കൈമാറിയെന്ന് റിപ്പോർട്ട്. നിലവിലുള്ള ശത്രുതക്കും പ്രാദേശിക സംഘർഷങ്ങൾക്കും ഇടയിൽ അസാധാരണമായ നയതന്ത്രബന്ധം എടുത്തുകാണിക്കുന്നതാണ് ഈ സന്ദേശ കൈമാറ്റമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഡിസംബർ അവസാനത്തിൽ ഇസ്രായേലും ഇറാനും റഷ്യ വഴി രഹസ്യ സന്ദേശങ്ങൾ കൈമാറിയെന്നും ഇരുപക്ഷവും മറുവശത്ത് മുൻകരുതൽ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയുണ്ടെന്നും നയതന്ത്രജ്ഞരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് വൃത്തങ്ങൾ പറഞ്ഞു.
തെഹ്‌റാൻ ആദ്യം ആക്രമിക്കുന്നില്ലെങ്കിൽ തങ്ങൾ ആക്രമിക്കില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ മോസ്കോ വഴി ഇറാൻ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേലിനെതിരായ മുൻ കരുതൽ നടപടികളിൽ നിന്ന് വിട്ടുനിൽക്കാമെന്ന് ഇറാൻ അതേ ചാനലിലൂടെയാണ് പ്രതികരിച്ചുവെന്നും പറയുന്നു.
ജൂണിൽ 12 ദിവസത്തെ യുദ്ധം നടത്തിയ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കണക്കിലെടുക്കുമ്പോൾ ആശയവിനിമയങ്ങളും റഷ്യൻ മധ്യസ്ഥതയും അസാധാരണമാണെന്ന് വാഷിങ്ടൺ പോസ്റ്റ് വിശേഷിപ്പിച്ചു. സംഘർഷങ്ങൾ വർധിപ്പിക്കുന്ന കക്ഷിയായി പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാൻ ഇസ്രായേൽ ശ്രമിക്കുമെന്ന് ബന്ധപ്പെട്ട സ്രോതസ്സുകൾ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.
ഇസ്രായേലുമായി ഏകോപിപ്പിച്ച യു.എസ് സൈനിക നടപടികൾ എപ്പോഴും ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി ഇറാൻ വിഷയത്തെ ജാഗ്രതയോടെ സമീപിച്ചുവെന്നും പറയുന്നു. ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രതിഷേധങ്ങളിൽ ഇടപെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ആക്രമണ ഭീഷണികൾ ഈ രഹസ്യ ഉറപ്പുകൾ പാലിക്കുന്നത് സങ്കീർണ്ണമാക്കുമെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

