റഫയിൽ പരിമിത സഞ്ചാരം അനുവദിച്ച് ഇസ്രായേൽ; ഈജിപ്തിൽ ചികിത്സ തേടാൻ കാത്തിരിക്കുന്നത് ആയിരങ്ങൾ
text_fieldsകെയ്റോ: വെടിനിർത്തൽ കരാറിനുശേഷവും മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ പുറംലോകവുമായുള്ള പ്രധാന കവാടമായ റഫ അതിർത്തി തുറന്നെങ്കിലും പരിമിതസഞ്ചാരം മാത്രം അനുവദിച്ച് ഇസ്രായേൽ. ഗസ്സയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫ ഇടനാഴിയിൽ തിങ്കളാഴ്ച വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇസ്രായേൽ സഞ്ചാരം അനുവദിക്കുന്നുള്ളൂ എന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അടിയന്തര വൈദ്യസഹായ ആവശ്യമുള്ള ആയിരക്കണക്കിന് ഗസ്സ നിവാസികളാണ് റഫ തുറക്കാൻ പ്രതീക്ഷയോടെ കാത്തിരുന്നതെങ്കിലും അനിശ്ചതത്വം നീങ്ങിയിട്ടില്ല. ദിവസം ആറുമണിക്കൂർ മാത്രം തുറക്കുമെന്നും 150 പേർക്കു മാത്രം അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോകാമെന്നുമാണ് ഇസ്രായേൽ നിർദേശം. 50 പേർക്ക് ഗസ്സയിലേക്കും പ്രവേശിക്കാം.
തിങ്കളാഴ്ച തുറന്നതുമുതൽ ആദ്യ മണിക്കൂറിൽ ഒരാൾ പോലും ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കോ തിരിച്ചോ സഞ്ചരിച്ചിട്ടില്ല. ആദ്യദിവസം 50 ഫലസ്തീനികൾ അതിർത്തി കടന്നതായി ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു. സാധനങ്ങളൊന്നും കൊണ്ടുപോകാൻ അനുവദിച്ചിട്ടുമില്ല.
ചികിത്സ ആവശ്യമുള്ള കുട്ടികളും പുരുഷന്മാരുമടക്കം 20,000ഓളം പേർ ഈജിപ്തിലേക്ക് പോകാൻ കാത്തിരിക്കുന്നുണ്ടെന്ന് ഗസ്സ ആരോഗ്യവിഭാഗം പറയുന്നു. 2023 മുതലുള്ള ആക്രമണത്തോടെ ഗസ്സക്കു പുറത്ത് അകപ്പെട്ട ആയിരങ്ങൾ ജന്മനാട്ടിലേക്ക് മടങ്ങിവരാനും കാത്തിരിക്കുകയാണ്.
പരിക്കേറ്റ ഗസ്സ നിവാസികൾക്ക് ചികിത്സ നൽകാനായി ഈജിപ്തിലെ 150ഓളം ആശുപത്രികൾ സജ്ജമായതായി റെഡ് ക്രസന്റ് അറിയിച്ചു. ഇതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ തിങ്കളാഴ്ച ഒരു ഫലസ്തീൻകുഞ്ഞ് കൂടി കൂടി കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

