ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം; വെടിനിർത്തൽ അംഗീകരിച്ച് ഇരുരാജ്യങ്ങളും
text_fieldsതെൽ അവീവ്: ഇസ്രായേലും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവുവരുന്നു. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ വിരാമമായത്.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ ഇസ്രായേലും ഇറാനും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. ഖത്തറിന്‍റെ സഹായത്തോടെയാണ് അമേരിക്ക വെടിനിർത്തൽ നടപ്പാക്കിയത്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ടെലിവിഷൻ റിപ്പോർട്ടുകൾ പറയുമ്പോഴും സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം ഇരുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഗസ്സയിൽ ഇസ്രായേൽ ഇപ്പോഴും നരനായാട്ട് തുടരുകയാണ്. ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനത്തോട് ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ റൈസിങ് ലയണിലൂടെ ലക്ഷ്യങ്ങൾ പൂർണമായി കൈവരിച്ചതായി നെതന്യാഹു പ്രതികരിച്ചു. ‘രാജ്യത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയായ രണ്ടു തരത്തിലുള്ള അപകടങ്ങൾ ഇല്ലാതാക്കി. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും. തെഹ്റാന്‍റെ ആകാശത്തിന്‍റെ പൂർണ നിയന്ത്രണം കൈവശപ്പെടുത്തി സൈനിക നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകാനായി, ഇറാന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാനായി’ -നെതന്യാഹു പറഞ്ഞു. ലക്ഷ്യം പൂർണമായി കൈവരിച്ച പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ വെടിനിർത്തൽ നിർദേശം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കനത്ത നാശമാണ് വിതച്ചത്. ബീര്‍ഷെബയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം, വെടിനിര്‍ത്തലിനായി ഇറാനും ഇസ്രായേലും തന്നെ സമീപിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ഇരുരാജ്യങ്ങളും ഒരേ സമയം തന്റെ അടുക്കലെത്തി സമാധാനം ആവശ്യപ്പെട്ടെന്ന് വാദം. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിന്‍റെ അവകാശവാദം. യു.എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു.
നേരത്തെ, ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞിരുന്നു. ‘ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്, തങ്ങളല്ല. നിലവിൽ, വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. ഇറാനിയൻ ജനതക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേൽ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കിൽ മാത്രം വെടിനിർത്തൽ. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും’ -ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യു.എസ് താവളമായ അൽ ഉദൈദ് എയർ ബേസിനുനേരെയാണ് മിസൈലുകളാണു തൊടുത്തത്. പിന്നാലെയാണ് ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

