മനുഷ്യരാശിയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് ഇസ്രായേൽ; നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഹമാസ്
text_fieldsതെൽഅവീവ്/ഗസ്സ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റിൽ കടുത്ത അമർഷവുമായി ഉറഞ്ഞുതുള്ളി ഇസ്രായേൽ. അമേരിക്കയും വിധിക്കെതിരെ രംഗത്തുവന്നു. അതേസമയം, വിധി സ്വാഗതാർഹമാണെന്നാണ് യൂറോപ്യൻ രാജ്യങ്ങളടക്കം നിരവധി രാഷ്ട്രങ്ങൾ അഭിപ്രായപ്പെട്ടു. നീതിയിലേക്കുള്ള പാതയിലെ സുപ്രധാന ചുവടുവെപ്പാണെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നുമാണ് ഹമാസ് പ്രതികരണം.
‘ഇന്ന് മനുഷ്യരാശിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. മനുഷ്യരാശിയെ സംരക്ഷിക്കാൻ വേണ്ടി കണ്ടുപിടിച്ച ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു’ -എന്നാണ് തനിക്കെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം. ‘ഇത് ശത്രുക്കൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള നമ്മുടെ അവകാശത്തിൽ നിന്ന് നമ്മെ തടയാൻ ലക്ഷ്യമിട്ടുള്ള യഹൂദവിരുദ്ധ നടപടിയാണ്’ -സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു ആരോപിച്ചു. ഐ.സി.സിയുടെ തീരുമാനത്തെ രാജ്യങ്ങൾ പിന്തുണയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യായമായ യുദ്ധത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനുള്ള ഇസ്രായേലിന്റെ അവകാശം നിഷേധിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നാണ് നെതന്യാഹുവിന്റെ കൂട്ടുപ്രതിയായ ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറ് പറഞ്ഞത്. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയെ തന്നെ മനുഷ്യരാശിക്കെതിരായ ഹമാസിന്റെ കുറ്റകൃത്യങ്ങൾക്ക് മനുഷ്യകവചമാക്കി മാറ്റിയെന്നാണ് ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗ് പറഞ്ഞത്. കോടതി തീരുമാനം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പകരം തീവ്രവാദത്തിന്റെയും തിന്മയുടെയും വഴിയാണ് തെരഞ്ഞെടുത്തതെന്നും ഹെർസോഗ് ആരോപിച്ചു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഇരുണ്ട നിമിഷമാണിതെന്നും കോടതിക്ക് എല്ലാ നിയമസാധുതയും നഷ്ടപ്പെട്ടുവെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ പറഞ്ഞു. അധികാരമില്ലാത്ത വെറും അസംബന്ധ ഉത്തരവുകളാണ് കോടതി പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യഹൂദവിരുദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് വലതുപക്ഷ തീവ്രവാദിയായ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ആരോപിച്ചു.
അന്താരാഷ്ട്ര കോടതി ഉത്തരവ് നീതിയിലേക്കുള്ള പാതയിലെ സുപ്രധാന ചുവടുവെപ്പാണെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും മുതിർന്ന ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു. എന്നാൽ, എല്ലാ രാജ്യങ്ങളും ഈ ഉത്തരവ് പ്രായോഗികമായി നടപ്പാക്കാൻ പിന്തുണ നൽകിയില്ലെങ്കിൽ പരിമിതമായ നടപടിയായി ഇത് ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉത്തരവ് ഇസ്രായേലിലെ എല്ലാ ക്രിമിനൽ അധിനിവേശ നേതാക്കൾക്കും ബാധകമാക്കുന്ന തരത്തിൽ വ്യാപ്തി വിപുലീകരിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഹമാസ് ആവശ്യപ്പെട്ടു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഇത് നടപ്പാക്കാൻ കോടതിയോട് ആവശ്യപ്പെടുന്നതായും ഫലസ്തീൻ അതോറിറ്റി പ്രതികരിച്ചു.
ഗസ്സയിൽ സ്ത്രീകളും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എതിലേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാൻ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ വിചാരണയ്ക്കിടെയാണ് നെതന്യാഹുവിനും ഗാലൻറിനും എതിരെയുള്ള നടപടി. ഹമാസ് നേതാവ് മുഹമ്മദ് ദഈഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്. എന്നാൽ, ദഈഫിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ഹമാസ് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
നെതന്യാഹുവും ഗാലന്റും ചേർന്ന് ഗസ്സയിലെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യ സേവനങ്ങൾ നിഷേധിച്ചത് കടുത്ത മാനുഷിക പ്രതിസന്ധിക്കും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണങ്ങളിലേക്കും നയിച്ചതായി കോടതി കണ്ടെത്തി. കൊലപാതകം, പീഡനം തുടങ്ങി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഇരുവരും ചേർന്ന് നടത്തിയതായും പട്ടിണിക്കിടുന്നത് യുദ്ധരീതിയായി സ്വീകരിച്ചതിലൂടെ യുദ്ധക്കുറ്റം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹമാസിനെതിരെ എന്നപേരിൽ ഇസ്രായേൽ ഗസ്സയിൽ 14 മാസമായി നടത്തുന്ന കൂട്ട നശീകരണത്തിൽ അരലക്ഷത്തോളം സാധാരണക്കാരാണ് മരിച്ചുവീണത്. ലക്ഷക്കണക്കിനാളുകൾ പലായനത്തിന് വിധേയരായി. ഗസ്സയിലെ സകല ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർത്തു. പ്രതികൾ മനഃപൂർവം സാധാരണക്കാരെയും ആരോഗയസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടതായും ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയെന്നും കോടതി പറഞ്ഞു. 2023 ഒക്ടോബർ 8 മുതൽ 2024 മെയ് 20 വരെയുള്ള കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് കോടതി വിധി.
ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം, മെഡിക്കൽ സപ്ലൈ എന്നിവയുടെ അഭാവം ഗസ്സയിലെ സാധാരണക്കാർ കടുത്ത ദുരന്തമാണ് സൃഷ്ടിച്ചത്. പോഷകാഹാരക്കുറവും നിർജ്ജലീകരണവും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ മരണത്തിന് കാരണമായതായും ഐസിസി പറഞ്ഞു.
എന്നാൽ, ഇസ്രായേലും പ്രധാന സഖ്യകക്ഷിയായ അമേരിക്കയും ഐ.സി.സിയെ അംഗീകരിക്കുകയോ അംഗത്വം എടുക്കുകയോ ചെയ്യാത്തതിനാൽ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ട്.
കോടതി ഉത്തരവോടെ നെതന്യാഹുവും ഗാലന്റും അന്താരാഷ്ട്ര തലത്തിൽ ‘വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെടും. ഇത് ഇരുവരെയും ഇസ്രായേലിനെ മൊത്തത്തിലും കൂടുതൽ ഒറ്റപ്പെടുത്തുന്നതിനും ഇടയാക്കും. കോടതി വിധി നടപ്പാക്കാൻ ഇസ്രയേലിന്റെ അംഗീകാരം ആവശ്യമില്ലെന്നും ഐ.സി.സി വ്യക്തമാക്കി.

