ഐ.എസിൽ ചേർന്ന മലയാളി യുവാവ് ചാവേറായി പൊട്ടിത്തെറിച്ചെന്ന്
text_fieldsRepresentative image
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന മലയാളി യുവാവ് അഫ്ഗാനിസ്താനിൽ ചാവേറായതായി റിപ്പോർട്ട്. ചാവേർ ആക്രമണത്തിൽ പങ്കെടുക്കുന്നതിനിടെ നജീബ് അൽ ഹിന്ദി എന്ന് ഐ.എസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി ഐ.എസ്-കെ.പി മുഖപത്രമായ 'വോയ്സ് ഓഫ് ഖുറാസാൻ' വെളിപ്പെടുത്തിയതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23കാരനായ എം.ടെക് വിദ്യാർഥി എന്നാണ് നജീബിനെ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. 'വോയ്സ് ഓഫ് ഖുറാസാൻ' പ്രസിദ്ധീകരിച്ച നജീബിന്‍റെ ചിത്രവും പത്രം പുറത്തുവിട്ടു.
എന്നാൽ, ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തി ഐ.എസിൽ ചേർന്ന നജീബ്, പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറാക്രമണത്തില്‍ പങ്കെടുത്തതെന്നും വിവാഹ രാത്രിയിൽ യുദ്ധത്തിൽ പങ്കുകൊണ്ട് വീരമൃത്യു വരിച്ച പ്രവാചകന്റെ അനുയായിയോട് നജീബിനെ ഉപമിച്ചിരിക്കുന്നുവെന്നും വാർത്തയിൽ പറയുന്നു.
വിവാഹ ദിവസമാണ് ഐ.എസ്-കെ.പി കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ അത് ഏത് ആക്രമണമാണെന്ന് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിൽ 180 പേർ മരിക്കാനിടയായ സ്ഫോടനമടക്കം പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഏതിലാണ് നജീബ് കൊല്ലപ്പെട്ടതെന്ന് ലേഖനം പറയുന്നില്ല.