ഐ.എസിൽ 66 ഇന്ത്യക്കാരെന്ന് യു.എസ് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇന്ത്യക്കാരായ 66 പേർ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവർത്തിക്കുന്നതായി തീവ്രവാദെത്ത കുറിച്ച യു.എസ് വിദേശകാര്യ വകുപ്പിെൻറ റിപ്പോർട്ട്. എൻ.ഐ.എ ഉൾപ്പെടെ ഇന്ത്യൻ ഭീകരവാദ വിരുദ്ധ സേനകൾ രാജ്യാന്തര, പ്രാദേശിക ഭീകര സംഘങ്ങൾക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.എസുമായി ബന്ധപ്പെട്ട 34 തീവ്രവാദ കേസുകൾ അന്വേഷിച്ച എൻ.ഐ.എ 160 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
സെപ്റ്റംബറിൽ കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നായി അൽഖാഇദക്കാരെന്ന് കരുതുന്ന 10 പേരെയും പിടികൂടി. 2013ൽ ബോധ്ഗയയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ജമാഅത്തുൽ മുജാഹിദീനിെൻറ ഉപ മേധാവി അബ്ദുൽ കരീമിനെ കൊൽക്കത്ത പൊലീസ് തീവ്രവാദ വിരുദ്ധ സ്പെഷൽ ടാസ്ക് ഫോഴ്സ് മേയ് 29ന് അറസ്റ്റ് ചെയ്തു. തെക്കൻ സംസ്ഥാനങ്ങളിലെയും മറ്റും ഓൺലൈൻ വഴിയുള്ള ഭീകരസംഘങ്ങളുടെ പ്രവർത്തനങ്ങൾ നേരിടാനും എൻ.ഐ.എ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയുമായും മാലദ്വീപുമായും ഭീകരവാദ രഹസ്യവിവരങ്ങൾ പങ്കുവെക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിരോധ ബന്ധം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകരസംഘങ്ങൾ പാകിസ്താനിൽ യഥേഷ്ടം പ്രവർത്തിക്കുന്നുണ്ട്. ജയ്ശെ മുഹമ്മദ് സ്ഥാപകൻ മസ്ഊദ് അസ്ഹർ, 2008 മുംബൈ ആക്രമണത്തിന് ചുക്കാൻപിടിച്ച സാജിദ് മിർ എന്നിവർക്കെതിരെ പാകിസ്താൻ നടപടിയെടുക്കുന്നില്ല.
അവർ സ്വതന്ത്രമായി അവിടെ വിഹരിക്കുകയാണ്. അഫ്ഗാൻ താലിബാൻ, ഹഖാനി ശൃംഖല, ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് തുടങ്ങിയ ഗ്രൂപ്പുകൾ പാകിസ്താെൻറ മണ്ണിൽ തടസ്സമേതുമില്ലാതെ പ്രവർത്തിക്കുന്നു. ഫെബ്രുവരിയിലും നവംബറിലും ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹഫീസ് സഈദിനെ ലാഹോർ തീവ്രവാദ വിരുദ്ധ കോടതി അഞ്ചുവർഷവും ആറുമാസവും തടവ് ശിക്ഷക്ക് വിധിച്ചു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിെൻറ മാർഗരേഖ പ്രകാരമുള്ള പ്രവർത്തനങ്ങളിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ടെങ്കിലും പൂർണത കൈവരിക്കാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. അതിനാൽതന്നെ ഗ്രേ ലിസ്റ്റിൽ തുടരുകയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.