‘രാജ്‌നാഥ് സിങ്ങിന്റെ സിന്ധ് പരാമർശങ്ങൾ വ്യാമോഹപരവും യുദ്ധോൽസുകവും’; അപലപിച്ച് പാകിസ്താൻ
text_fieldsഇസ്‍ലാമാബാദ്: ‘സിന്ധ് പ്രവിശ്യ ഇന്ത്യയിലേക്ക് മടങ്ങിയേക്കാം’ എന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയെ കടുത്ത ഭാഷയിൽ അപലപിച്ച് പാകിസ്താൻ. ഈ പ്രസ്താവന ‘വ്യാമോഹപരവും’ ‘അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെ’ന്ന് പാക് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
പാകിസ്താന്റെ സിന്ധ് പ്രവിശ്യയെക്കുറിച്ചുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ വ്യാമോഹപരവും അപകടകരവുമായ പരിഷ്കരണവാദ പരാമർശങ്ങളെ പാകിസ്താൻ ശക്തമായി അപലപിക്കുന്നു. അത്തരം പ്രസ്താവനകൾ സ്ഥാപിത യാഥാർഥ്യങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഒരു ‘ഹിന്ദുത്വ വികാസവാദ’ മനോഭാവത്തെ വെളിപ്പെടുത്തുന്നു. കൂടാതെ അന്താരാഷ്ട്ര നിയമത്തിന്റെയും അംഗീകൃത അതിർത്തികളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും വ്യക്തമായ ലംഘനമാണെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
സംഘർഷം വർധിപ്പിക്കുന്ന വാചാടോപങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ നേതാക്കളോട് മന്ത്രാലയം അഭ്യർഥിച്ചു. പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയായ പ്രകോപനപരമായ വാചാടോപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങൾ രാജ്‌നാഥ് സിങ്ങിനോടും മറ്റ് ഇന്ത്യൻ നേതാക്കളോടും അഭ്യർഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഞായറാഴ്ച ഡൽഹിയിൽ നടന്ന സിന്ധ് സമൂഹത്തിന്റെ പരിപാടിയിലാണ് അയൽരാജ്യത്തിന്റെ പ്രതികരണത്തിന് കാരണമായ പരാമർശങ്ങൾ സിങ് നടത്തിയത്. സിന്ധ് സമാജ് സമ്മേളനത്തിൽ, എൽ.കെ. അദ്വാനിയുടെ രചനകളിൽ നിന്ന് നാഗരിക ബന്ധങ്ങളെയും വിഭജനത്തിന്റെ വേദനയെയും കുറിച്ച് സിങ് സംസാരിക്കുകയുണ്ടായി. 1947ൽ സിന്ധിന്റെ വേർപിരിയലിനോട് അദ്വാനിയുടെ തലമുറയിലെ നിരവധി ‘സിന്ധി ഹിന്ദുക്കൾ’ ഒരിക്കലും അനുരഞ്ജനം ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ന് സിന്ധ് ദേശം ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. പക്ഷെ, നാഗരികതയിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം അതിർത്തികൾ മാറിയേക്കാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയേക്കാം’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പരിപാടിയിൽ ഈ വിഷയം ആവർത്തിച്ചു. ദേശീയഗാനത്തിൽ സിന്ധിന്റെ പേരിൽ നിലനിൽക്കുന്ന സാംസ്കാരിക സ്മരണയെക്കുറിച്ചും സിങ് പരാമർശിച്ചു. ആളുകൾ ‘പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത’ എന്ന് അഭിമാനത്തോടെ പാടുന്നത് തുടരുന്നുവെന്നും ചൂണ്ടിക്കാട്ടി.
അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയാണ് സിങ് തന്റെ പരാമർശങ്ങൾ നടത്തിയത്. പാകിസ്താനിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള പീഡനങ്ങൾ നേരിടുന്ന കുടിയേറ്റക്കാർക്ക് 2024 വരെ പാസ്‌പോർട്ടില്ലാതെ ഇന്ത്യയിൽ തുടരാൻ അനുവാദമുണ്ടെന്നും അവരുടെ ജീവിതം പുനഃർനിർമിക്കാൻ സഹായിക്കുന്നതിനുള്ള ഒരു നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സിന്ധ് പരാമർശങ്ങൾക്കും അപ്പുറത്തേക്ക് പാകിസ്താന്റെ പ്രസ്താവന കടന്നു. സ്വന്തം പൗരന്മാരുടെ, പ്രത്യേകിച്ച് ദുർബലരായ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും വടക്കുകിഴക്കൻ മേഖലയിലെ അശാന്തിയെ പരാമർശിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ നിരന്തരമായ പരാതികൾ പരിഹരിക്കുന്നതും നന്നായിരിക്കും. അവരിൽ പലരും വ്യവസ്ഥാപിതമായ അരികുവൽക്കരണം, സ്വത്വാധിഷ്ഠിത പീഡനം, ഭരണകൂടം പ്രാപ്തമാക്കിയ അക്രമങ്ങൾ എന്നിവ ഇപ്പോഴും നേരിടുന്നു’വെന്ന് ചൂണ്ടിക്കാട്ടി.
ഈ സംഭവത്തെ വിശാലമായ കശ്മീർ തർക്കവുമായും പാകിസ്താൻ ബന്ധപ്പെടുത്തി. ‘യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും അധിനിവേശത്തിലുള്ള കശ്മീർ ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായി ജമ്മു കശ്മീർ തർക്കത്തിന്റെ യഥാർഥ പരിഹാരത്തിനായി വിശ്വസനീയമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുന്നു’വെന്ന് അവർ പറഞ്ഞു. നീതി, തുല്യത, സ്ഥാപിതമായ അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായുള്ള എല്ലാ തർക്കങ്ങളുടെയും സമാധാനപരമായ പരിഹാരത്തിന് പാകിസ്താൻ പ്രതിജ്ഞാബദ്ധമാണ്. അതേസമയം, മുൻകാലങ്ങളിലെന്നപോലെ പാകിസ്താൻ അതിന്റെ സുരക്ഷ, ദേശീയ സ്വാതന്ത്ര്യം, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

