യു.എസിന് യുദ്ധം അവസാനിപ്പിക്കണം, ചർച്ച ഇസ്‍ലാമാബാദിലോ?; രഹസ്യമെന്ന് വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയെയും ആഗോള എണ്ണവിപണിയെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത് പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിലോ? 25 ദിവസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ, യു.എസ് മുതിർന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച ഇസ്‍ലാമാബാദിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്താൻ സൈനിക മേധാവി അസിം മുനീറും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സാഹചര്യം ‘സെൻസിറ്റീവ്’ ആണെന്നായിരുന്നു വൈറ്റ് ഹൗസിന്‍റെ പ്രതികരണം. ‘ഇവ രഹസ്യസ്വഭാവമുള്ള നയതന്ത്ര ചർച്ചകളാണ്, അമേരിക്ക പത്രങ്ങളിലൂടെ ചർച്ചകൾ നടത്തില്ല. ഇതൊരു അസ്ഥിരമായ സാഹചര്യമാണ്. വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വിശ്വസിക്കരുത്’ -വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് വ്യക്തമാക്കി.
അതേസമയം, സംഘർഷം ഇല്ലാതാക്കാൻ തങ്ങൾ സജീവമായി ഇടപെടുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്‌പെഷൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ പാകിസ്താനിൽ വെച്ച് ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റോയിറ്റേഴ്‌സിന്റെ റിപ്പോർട്ട്.
യുദ്ധം അവസാനിപ്പിക്കാൻ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ചില സുഹൃദ് രാജ്യങ്ങളിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ വ്യക്തമാക്കി.
ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മിക്ക കാര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നും ഡോണാൾഡ് ട്രംപ് പറഞ്ഞു. ‘ഞങ്ങൾ തമ്മിൽ ശക്തമായ ചർച്ചകൾ നടന്നു. അവർ (ഇറാൻ) തന്നെയാണ് ചർച്ചക്ക് മുൻകൈ എടുത്തത്’ -ട്രംപ് അവകാശപ്പെട്ടു. ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം ഇറാൻ നേരത്തെ നിഷേധിച്ചിരുന്നെങ്കിലും ട്രംപ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സമ്മതിച്ചതായും കരാർ യാഥാർഥ്യമായാൽ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത നിബന്ധനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത് ആരാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

