സംഘർഷം മെഡിറ്ററേനിയനിലേക്കും പടരുന്നോ?; ഈജിപ്ത് തുറമുഖത്ത് യു.എസ് ഗ്യാസ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം
text_fieldsകൈറോ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടയിൽ ഈജിപ്തിന്റെ മെഡിറ്ററേനിയൻ കടൽ തീരത്തുള്ള ദുമിയാത് തുറമുഖത്ത് യു.എസ് ഉടമസ്ഥതയിലുള്ള ഗ്യാസ് സംഭരണ കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റൊരു ഗ്യാസ് ടാങ്കറിലേക്ക് തീ പടരുകയും ചെയ്തതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ സ്ഥാപനമായ ആംബ്രേ അറിയിച്ചു. ഹുർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെ, ചെങ്കടലിലേക്കും മെഡിറ്ററേനിയൻ കടലിലേക്കും ആക്രമണങ്ങൾ വ്യാപിക്കുന്നത് എണ്ണ വിപണയിൽ ആശങ്ക ശക്തിപ്പെടുത്തുന്നതാണ്.
എന്നാൽ ഈജിപ്ത് പെട്രോളിയം മന്ത്രാലയം തുറമുഖത്ത് തീപിടിത്തമുണ്ടായതായി സ്ഥിരീകരിച്ചെങ്കിലും ഡ്രോൺ ആക്രമണമെന്ന് വ്യക്തമാക്കിയിട്ടില്ല. തുറമുഖ സേവന സ്ഥാപനമായ ‘ഇൻച്കേപ്’ ദുമിയാത്തിൽ രണ്ട് ഗ്യാസ് ടാങ്കറുകൾക്ക് തീപിടിച്ചതായി അറിയിച്ചു. എനർഗോസ് വിന്റർ എന്ന സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിലാണ് ആദ്യം ആക്രമണമുണ്ടായതെന്നും തുടർന്ന് തീ ഗാസ്‌ലോഗ് സാലിം എന്ന മറ്റൊരു കപ്പലിലേക്ക് പടർന്നുവെന്നുമാണ് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ സ്ഫോടനത്തിന് കാരണം ഡ്രോൺ ആക്രമണമാണെന്നാണ് സൂചനയെന്ന് രണ്ട് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഇറാൻ ജോർഡനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതും, യു.എസും സൗദി അറേബ്യയും ഇറാൻ അനുകൂല സായുധസംഘങ്ങൾക്കെതിരെ ഇറാഖിൽ ആക്രമണം നടത്തിയതിനും പിന്നാലെയാണ് ഈ സംഭവം. കൂടാതെ ഇറാനും ഹൂതികൾക്കും എതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതും, സൗദി അറേബ്യക്കെതിരെ ഹൂത്തികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതും മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
ആക്രമണത്തിനിരയായ എനർഗോസ് വിന്റർ 1,38,250 ഘനമീറ്റർ സംഭരണശേഷിയുള്ള ഫ്ലോട്ടിങ് സ്റ്റോറേജ് ആൻഡ് റീഗാസിഫിക്കേഷൻ യൂണിറ്റ് ആണ്. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഈജിപ്ത് പെട്രോളിയം മന്ത്രാലയം, കപ്പലിലും സംഭരണ കപ്പലിലും ഉണ്ടായ തീപിടിത്തം അടിയന്തര പ്രതികരണ സംവിധാനങ്ങളിലൂടെ ഉടൻ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു.
പെട്രോളിയം മന്ത്രി കരീം ബദാവി സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ പ്രത്യാഘാതങ്ങളും സംഭവകാരണമെന്താണെന്നും കണ്ടെത്തുന്നതിനായി സാങ്കേതിക സംഘങ്ങളും സുരക്ഷാ ഏജൻസികളും അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

